സ്ഥാനാര്‍ഥിയെ പറയൂ, പിന്തുണ നോക്കാം
മുംബൈ- രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കൂ. എന്നിട്ട് പിന്തുണ തേടി വായെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായോട് ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറേ പറഞ്ഞു.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് പിന്തുണ ഉറപ്പാക്കാന്‍ അമിത്ഷാ ഉദ്ധവ് താക്കറെയുമായി നടത്തിയ ചര്‍ച്ച തീരുമാനമൊന്നുമാകാതെയാണ് പിരഞ്ഞത്. മുംബൈയിലെ ബാന്ദ്രയില്‍ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയിലായിരുന്നു കൂടിക്കാഴ്ച. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും അമിത് ഷാക്കൊപ്പമുണ്ടായിരുന്നു. രാവിലെ 10 മണിക്ക് അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ച ഏതാണ്ട് ഒന്നര മണിക്കൂറോളം നീണ്ടു നിന്നു. ഉദ്ദവിനു പുറമെ മകന്‍ ആദിത്യയും ശിവസേനയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു.
ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭഗവത് രാഷ്ട്രപതിയാകാനില്ലെങ്കില്‍ കൃഷി ശാസ്്ര്രതജ്ഞന്‍ എം.എസ്.സ്വാമിനാഥനെ എന്‍.ഡി.എ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യമാണ് ശിവസേന മുന്നോട്ടുവെക്കുന്നത്. ഒപ്പം, സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയുള്ള സമയവായശ്രമം വിജയമാകില്ലെന്ന അഭിപ്രായവും ശിവസേനയ്ക്കുണ്ട്.
കഴിഞ്ഞ രണ്ടുതവണയും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യു.പി.എ സ്ഥാനാര്‍ഥികളെയാണ് ശിവസേന പിന്തുണച്ചിരുന്നത്. കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇരു പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നത വ്യാപിച്ച പശ്ചാത്തലത്തില്‍ നടന്ന കൂടിക്കാഴ്ചക്ക് വലിയ പ്രധാന്യമുണ്ട്.
കൂടിക്കാഴ്ചയില്‍ മഹാരാഷ്ട്രയിലെ കാര്‍ഷികപ്രശ്‌നങ്ങളും ചര്‍ച്ചയായി. 2019ലെ പൊതുതെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നിന് മുന്നോടിയായാണ് ബിജെപി അധ്യക്ഷന്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് മഹാരാഷ്ട്രയിലെത്തിയത്.
രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്ന കാര്യം എന്‍.ഡി.എയിലെ എല്ലാ ഘടകകക്ഷികളും പ്രധാനമന്ത്രി നേരന്ദ്ര മോഡിക്ക് വിട്ടിരിക്കയാണെന്നും ശിവസേനയും ഈ മാര്‍ഗം സ്വീകരിക്കണമെന്നാണ് അമിത് ഷാ ശിവസേനാ നേതാവിനെ ധരിപ്പിച്ചതെന്നാണ് ലഭ്യമായ വിവരം. തങ്ങള്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥികളായ മോഹന്‍ ഭഗവത്, എം.എസ്. സ്വാമിനാഥന്‍ എന്നിവരില്‍നിന്ന് ഒരാളെ തെരഞ്ഞെടുക്കണമെന്നും അല്ലെങ്കില്‍ ബി.ജെ.പി സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കൂ എന്നാണ് ഉദ്ദവ് താക്കറെ അമിത്ഷാക്ക് മറുപടി നല്‍കിയത്.