ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ യുപിയിലെ വാരാണസി മണ്ഡലത്തില്‍ മത്സരിക്കാന്‍ മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. തേജ് ബഹാദൂര്‍ യാദവിന്റെ ഹരജി പരിഗണിക്കാന്‍ ഒരു കഴമ്പുമില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ജവാന്‍മാര്‍ക്ക് മോശം ഭക്ഷണമാണ് വിതരം ചെയ്യുന്നതെന്ന പരാതി ഉന്നയിച്ച് വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തു വിട്ടതിനെ തുടര്‍ന്ന് ബിഎസ്എഫില്‍ നിന്ന് 2017ല്‍ പുറത്താക്കപ്പെട്ടയാളാണ് തേജ് ബഹാദൂര്‍. മോഡി സര്‍ക്കാരിനെ തുറന്നു കാണിക്കാനായാണ് വാരാണസിയില്‍ മത്സരിക്കാനെത്തിയത്. സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. ഏകപക്ഷീയമായാണ് കമ്മീഷന്‍ തന്റെ പത്രിക തള്ളിയതെന്നു പരാതിപ്പെട്ടാണ് തേജ് ബഹാദൂര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
തെരഞ്ഞെടുപ്പു പരാതികള്‍ തെരഞ്ഞെടുപ്പ് അവസാനിച്ചതിനു ശേഷമെ പരിഗണിക്കാവൂ എന്നും ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പു പ്രക്രിയയെ ബാധിക്കുമെന്നും വിവിധ സുപ്രീം കോടതി വിധികള്‍ ചൂണ്ടിക്കാട്ടി കമ്മീഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വാദിച്ചു. തെരഞ്ഞെടുപ്പിനു ശേഷം ഹരജി നല്‍കാന്‍ അവസരം നല്‍കണമെന്ന് തേജ് ബഹാദൂറിനു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടെങ്കിലും കോടതിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്തിട്ടുണ്ടെന്നും ഈ പരാതിയില്‍ കഴമ്പില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
അച്ചടക്ക നടപടിക്ക് വിധേയനാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നു വ്യക്തമാക്കിയാണ് തേജ് ബഹാദൂറിന്റെ പത്രിക വരണാധികാരി തള്ളിയത്.