Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയുടെ നിഴലില്‍; ഈ പോക്ക് കെണിയിലേക്കെന്ന് മോഡിയുടെ ഉപദേശകന്‍

ന്യൂദല്‍ഹി- ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലാണ് മുന്നോട്ടു പോകുന്നതെന്നും ഈ പോക്കു പോയാല്‍ അവസാനം ബ്രസീലും ദക്ഷിണാഫിക്കയും നേരിടുന്നതു പോലുള്ള പ്രതിസന്ധി രാജ്യത്തിനു നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി ഡയറക്ടറുമായ ഡോ. രതിന്‍ റോയ്. സാമ്പത്തിക വളര്‍ച്ച ഒരു നിശ്ചിത ഘട്ടത്തിലെത്തുമ്പോള്‍ ഘടനപരമായി ഉണ്ടാകുന്ന മുരടിപ്പിലേക്കാണ് ഇന്ത്യയുടെ സമ്പദ് വ്യവ്സ്ഥ നീങ്ങുന്നത്. കരുതുന്നതിനേക്കാള്‍ ആഴത്തിലുള്ളതാണ് ഈ പ്രതിസന്ധിയെന്നും റോയ് മുന്നറിയിപ്പു നല്‍കുന്നു.

മാര്‍ച്ചില്‍ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ റിപോര്‍ട്ടിലും ഇതു സംബന്ധിച്ച സൂചന ഉണ്ടായിരുന്നു. 2018-19 സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നേരിയ തളര്‍ച്ച നേരിട്ടിട്ടുണ്ടെന്നായിരുന്നു റിപോര്‍ട്ട്. ഇതിനു കാരണമായ ഘടകങ്ങള്‍ വ്യക്തികളുടെ ഉപഭോഗ വളര്‍ച്ചാനിരക്ക് കുറഞ്ഞതും സ്ഥിരനിക്ഷേപങ്ങളുടെ വളര്‍ച്ച തണുത്തതും കയറ്റുമതി രംഗത്തെ മൂകതയും ആണെന്നും ഈ റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.

'1991 മുതല്‍ കയറ്റുമതിയുടെ അടിസ്ഥാനത്തിലല്ല സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച. ഇന്ത്യന്‍ ജനസംഖയില്‍ 10 കോടി ജനങ്ങള്‍ എന്തു ഉപഭോഗം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഈ പത്തു കോടി ഉപഭോക്താക്കളാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കരുത്തേകുന്നത്. ഇവരുടെ ഉപഭോഗം ഒരു സമതലപരിധിയിലെത്തിക്കൊണ്ടിരിക്കുന്നു,' രതിന്‍ റോയ് പറഞ്ഞു. ഇതിനര്‍ത്ഥം നാം വലിയൊരു ശതമാനം ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന, കുറ്റകൃത്യ നിരക്ക് ഉയരുന്ന ഒരു ഇടത്തരം വരുമാന രാജ്യമായി മാറുന്നുവെന്നാണ്. ഈ മധ്യ വരുമാന കെണിയില്‍ അകപ്പെടാതെ രക്ഷപ്പെടാന്‍ രാജ്യങ്ങള്‍ക്കു കഴിയും. എന്നാല്‍ ഒരിക്കല്‍ അകപ്പെട്ട രാജ്യങ്ങള്‍ക്ക് രക്ഷപ്പെടുക പ്രയാസമാണെന്നും റോയ് മുന്നറിയിപ്പു നല്‍കുന്നു.

ഇന്ത്യ ലോകത്ത് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കുള്ള രാജ്യമാണ്. എന്നാല്‍ ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കല്ല ഇത്. ചൈനയുടെ വളര്‍ച്ചാ വേഗത വര്‍ധിക്കാത്തത് കൊണ്ടാണ് ഇന്ത്യയുടെത് ഉയര്‍ന്നു നില്‍ക്കുന്നത്. 6.1- 6.6 നിരക്കില്‍ വളരുന്നു എന്നത് മഹത്തായ കാര്യം തന്നെയാണ്. എന്നാല്‍ ഉപഭോഗത്തില്‍ വരുന്ന തളര്‍ച്ച സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാണ്. അടുത്ത അഞ്ചാറ് വര്‍ഷത്തേക്ക് ഇന്ത്യ 5- 6 ശതമാനം നിരക്കില്‍ വളര്‍ച്ച കൈവരിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇത് അവസാനിക്കുന്ന ഒരു സമയം വരും- റോയ് പറഞ്ഞു.
 

Latest News