ന്യൂദല്‍ഹി- രാജീവ് ഗാന്ധിയെ അധിക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കള്ളന്മാരുടെ രാജാവെന്നും വെള്ളത്താടിക്കാരനെന്നും ആക്ഷേപിച്ച നടി ഖുശ്ബുവിന് സമൂഹ മാധ്യമത്തില്‍ മോഡി ഭക്തരുടെ പൊങ്കാല.
30 വര്‍ഷം മുമ്പ് മരിച്ചുപോയ ആളെ കുറിച്ച് പറയുന്നതിനു പകരം കള്ളന്മാരുടെ രാജാവായ 56 ഇഞ്ച് ഭീരുവിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ താന്‍ ചെയ്ത കാര്യങ്ങളുടെ പേരില്‍ വോട്ടു ചോദിക്കാന്‍ ധൈര്യമുണ്ടോ എന്നാണ് ഖുശ്ബു ട്വിറ്ററില്‍ ചോദിച്ചത്. ഈ വെള്ളത്താടിക്കാരന്‍ രാജ്യത്തിന്റെ ശാപമാണെന്നും പറഞ്ഞു.
രാജീവ് ഗാന്ധിയെ മുഖസ്തുതിക്കാര്‍ മാത്രമാണ് മിസ്റ്റര്‍ ക്ലീന്‍ എന്നുവിളിക്കുന്നതെന്നും ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് അദ്ദേഹം മരിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയ മറുപടിയാണ് നടി ഖുശ്ബുവിന്റെ വിമര്‍ശനത്തിന് അടിസ്ഥാനം.
മോഡി നടത്തിയ രാജീവ് ഗാന്ധി വിമര്‍ശനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയെങ്കിലും വിവാദ പരാമര്‍ശത്തിന്റെ പേരില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളില്‍നിന്ന് അദ്ദേഹം കടുത്ത വിമര്‍ശനമാണ് നേരിടുന്നത്.
മോഡിയെ അധിക്ഷേപിച്ച ഖുശ്ബുവിന് മറുപടിയുമായി സമൂഹ മാധ്യമത്തില്‍ സംഘ് പരിവാര്‍, മോഡി ഭക്തല്‍ സജീവമാണ്. ഖുശ്ബു അഭിനയിച്ച സിനിമയിലെ രംഗങ്ങള്‍ കൂടി പോസ്റ്റ് ചെയ്താണ് ലജ്ജയില്ലേ എന്നു ചോദിക്കുന്നത്. ഭക്തന്മാര്‍ എന്നെ നഖത് ഖാനെന്നും ലോകം എന്നെ ഖുശ്ബുവെന്നും വിളിക്കുന്നുവെന്നാണ് ഇപ്പോള്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബുവിന്റെ ട്വിറ്റര്‍ ഹാന്‍ഡ്‌ലിന്റെ ഇപ്പോഴത്തെ പേര്.
കള്ളനെന്ന് പറഞ്ഞതിനോടൊപ്പം 56 ഇഞ്ച് നെഞ്ചളവിനെ കുറിച്ചും താന്‍ പറഞ്ഞിട്ടുണ്ടെന്നും ഭക്തന്മാര്‍ തങ്ങള്‍ക്ക് ആവശ്യമുളളത് മാത്രം കാണുന്നുവെന്നുമാണ് വിമര്‍ശനങ്ങള്‍ക്ക് ഖുശ്ബുവിന്റെ മറുപടി.
മരിച്ചയാളുടെ പുറത്തു കയറിയാണ് അദ്ദേഹം യാത്ര ചെയ്യുന്നതെന്നും തനിക്ക് ഉറപ്പിച്ചു നിര്‍ത്താനും നടക്കാനും രണ്ട് കാലുകളുണ്ടെന്നും അദ്ദേഹത്തെ പോലെ ലജ്ജയില്ലാത്ത മനുഷ്യനല്ല താനെന്നും ഖുശ്ബു പറയുന്നു.