Sorry, you need to enable JavaScript to visit this website.

ഉത്തര അതിർത്തി പ്രവിശ്യയിൽ സൗദിവൽക്കരണം പൂര്‍ണം, രണ്ടാം സ്ഥാനത്ത് ഖസീം

റിയാദ്- പുതുതായി പന്ത്രണ്ടു മേഖലകളിൽ സൗദിവൽക്കരണം നിർബന്ധമാക്കിയ തീരുമാനം ഏറ്റവും കൂടുതൽ പാലിച്ചത് ഉത്തര അതിർത്തി പ്രവിശ്യയിലെ സ്ഥാപനങ്ങളാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങൾ പരിശോധനകൾ നടത്തിയതിൽ ഉത്തര അതിർത്തി പ്രവിശ്യയിൽ 99.38 ശതമാനം സ്ഥാപനങ്ങളും സൗദിവൽക്കരണം പാലിച്ചതായി വ്യക്തമായി. രണ്ടാം സ്ഥാനത്തുള്ള അൽഖസീം പ്രവിശ്യയിൽ ഇത് 98.35 ശതമാനമാണ്. 

ഹായിലിൽ 97.85 ശതമാനവും നജ്‌റാനിൽ 97.72 ശതമാനവും മദീനയിൽ 96.53 ശതമാനവും കിഴക്കൻ പ്രവിശ്യയിൽ 95.93 ശതമാനവും തബൂക്കിൽ 95.18 ശതമാനവും റിയാദിൽ 94.76 ശതമാനവും അസീറിൽ 94.71 ശതമാനവും അൽബാഹയിൽ 94.56 ശതമാനവും ജിസാനിൽ 92.78 ശതമാനവും മക്കയിൽ 92.67 ശതമാനവും അൽജൗഫിൽ 91.16 ശതമാനവും സ്ഥാപനങ്ങൾ സൗദിവൽക്കരണം പാലിച്ചു. 

മൂന്നു ഘട്ടങ്ങളായി പന്ത്രണ്ടു മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം 2018 ജനുവരി അവസാനത്തിലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. സെപ്റ്റംബർ 11 ന് നിലവിൽവന്ന ആദ്യ ഘട്ടത്തിൽ  റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളും നവംബർ ഒമ്പതിനു നിലവിൽവന്ന രണ്ടാം ഘട്ടത്തിൽ വാച്ച് കടകളും കണ്ണട കടകളും ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകളും 2019 ജനുവരി ഏഴു മുതൽ പ്രാബല്യത്തിൽവന്ന മൂന്നാം ഘട്ടത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളും സ്‌പെയർ പാർട്‌സ് കടകളും കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകളും കാർപെറ്റ് കടകളും ചോക്കലേറ്റ്-പലഹാര കടകളും സൗദിവൽക്കരണത്തിന്റെ പരിധിയിൽവന്നു.  എഴുപതു ശതമാനം സൗദിവൽക്കരണമാണ് ഈ മേഖലകളിൽ നടപ്പാക്കേണ്ടത്. 

Latest News