റിയാദ്- ശൂറാ കൗൺസിൽ അംഗീകരിച്ച ഗ്രീൻ കാർഡിന് സമാനമായ എക്‌സലൻസ് ഇഖാമ നിയമം പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചക്കും സഹായകമാകുമെന്ന് വിലയിരുത്തൽ. നിയമ ലംഘകരായ വിദേശികളുടെ സൗദി വിപണിയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് തടയിടുന്ന പുതിയ പദ്ധതി ബില്യൺ കണക്കിന് ഡോളർ വിദേശങ്ങളിലേക്ക് ഒഴുകുന്ന പ്രവണതയും ബിനാമി ബിസിനസ് പ്രവണതയും അവസാനിപ്പിക്കുകയും ചെയ്യും. മൂലധനങ്ങൾ സൗദിയിൽ തന്നെ നിലനിർത്തുന്നതിന് സഹായിക്കുന്ന പദ്ധതി പുതിയ നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. മെഡിക്കൽ, ധന മേഖലകളിലെ വിദഗ്ധരും നിക്ഷേപകരും കൂടുതൽ മികച്ച അവസരങ്ങൾ തേടി മറ്റു രാജ്യങ്ങളിലേക്ക് കൊഴിഞ്ഞുപോകുന്ന പ്രവണതയും പുതിയ പദ്ധതി തടയും.
വിദേശികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും വകവെച്ചുനൽകുന്ന ദീർഘകാല വിസ അനുവദിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്ന് നാലു വർഷം മുമ്പ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ആദ്യമായി വെളിപ്പെടുത്തിയത്. ചില രാജ്യങ്ങളിൽ ഇത്തരം വിസകൾ ഗ്രീൻ കാർഡ് എന്ന് പേരിലാണ് അറിയപ്പെടുന്നത്. ചില ഗൾഫ് രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും ഇത്തരം പദ്ധതി നടപ്പാക്കുന്നുണ്ട്. വിദേശ നിക്ഷേപകർ അടക്കമുള്ളവർക്ക് ദീർഘകാല വിസയും പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിക്കുന്നത് രാഷ്ട്രത്തിനും വിദേശികൾക്കും ഒരുപോലെ ഗുണം ചെയ്യും. ആഭ്യന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും പെട്രോളിതര മേഖലയുടെ വളർച്ചയും ഇതിലൂടെ ലക്ഷ്യമിടുന്നു.
സൗദിയിൽ നിരവധി വിദേശികളുണ്ട്. അറബികളും മുസ്‌ലിംകളുമായ ഇവർ പത്തും ഇരുപതും വർഷമായി സൗദിയിൽ കഴിയുന്നു. ഇക്കൂട്ടത്തിൽ ചിലർ സൗദി അറേബ്യയെ മാതൃരാജ്യത്തെ പോലെ കണ്ട് ദീർഘകാലമായി കഴിയുന്നവരാണ്. ഇവർ സൗദി അറേബ്യക്ക് യാതൊരുവിധ സാമ്പത്തിക പ്രയോജനവും നൽകുന്നില്ല. ഇവർ സമ്പാദിക്കുന്ന പണമെല്ലാം വിദേശത്തേക്ക് പോവുകയാണ്.
സൗദി സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി മാറുന്നതിന് ഇവർ ആഗ്രഹിക്കുന്നുണ്ട്. സൗദിയിൽ സ്ഥിരമായി താമസിക്കുന്നതിനും നിക്ഷേപങ്ങൾ നടത്തുന്നതിനും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും ഇവർക്ക് ചില അവകാശങ്ങൾ നൽകുന്നത് പൊതുഖജനാവിന്റെ വരുമാനം വലിയ തോതിൽ വർധിപ്പിക്കുന്നതിന് സഹായകമാകും. ഇത് സൗദി സമ്പദ്‌വ്യവസ്ഥക്ക് ശക്തമായ പിന്തുണ നൽകുകയും നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇത്തരമൊരു പദ്ധതി പ്രായോഗിക തലത്തിൽ നടപ്പാക്കും -നാലു വർഷം മുമ്പ് അൽഅറബിയ ചാനലിന് നൽകിയ അഭിമുഖത്തിൽ കിരീടാവകാശി പറഞ്ഞു.