Sorry, you need to enable JavaScript to visit this website.

കോഡൂരിൽ ഗെയിൽ സർവേ; പ്രതിഷേധവുമായി നാട്ടുകാർ

ഗെയിൽ വാതക പൈപ്പ്‌ലൈൻ സർവേക്കെത്തിയ ഉദ്യോഗസ്ഥ സംഘം.

മലപ്പുറം- കോഡൂർ, പൊൻമള ഗ്രാമപഞ്ചായത്തുകളിലെ വട്ടപ്പറമ്പ്, ആൽപ്പറ്റക്കുളമ്പ്, പാറമ്മൽ പ്രദേശങ്ങളിൽ ഗെയിൽ വാതക പൈപ്പ്‌ലൈൻ സർവേ ആരംഭിച്ചു. ശക്തമായ പോലീസ് സാന്നിധ്യത്തിലായിരുന്നു സർവേ നടപടികൾ. കാര്യമായ പ്രതിഷേധങ്ങളൊന്നുമില്ലാതെ ഉച്ചയോടെ സർവേ അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങി. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും ഭൂവുടമകളെ അറിയിക്കാതെയും സർവ സന്നാഹങ്ങളുമായി സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥ നടപടിയിൽ ഗെയിൽ ഇരകളുടെ ജനകീയ സമിതി പ്രതിഷേധിച്ചു. ജനങ്ങൾ സംഘടിക്കുന്നത് കണ്ടു താൽക്കാലികമായി ഉദ്യോഗസ്ഥർ മടങ്ങിയെങ്കിലും വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന സർവേക്കെതിരെ കൂടുതൽ ശക്തമായി സംഘടിക്കുവാനും സർവേ തടയുന്നതിനും സമിതി തീരുമാനിച്ചു.
ജനപ്രതിനിധികളോ ഭൂവുടമകളോ അറിയാതെ ഗെയ്ൽ, റവന്യൂ ഉദ്യോഗസ്ഥ സംഘം പൊൻമള, കോഡൂർ വില്ലേജ് അതിർത്തിയിൽ സർവേ ആരംഭിച്ചതറിഞ്ഞു പൊതുജനങ്ങളെത്തിയപ്പോഴേക്കും ഉദ്യോഗസ്ഥ സംഘം വലിയാട് പട്ടികജാതി കോളനിയിലേക്കു തിരിച്ചു. തുടർന്നു സർവേ അവസാനിപ്പിച്ച് തിരിച്ചു പോവുകയാണുണ്ടായത്. ജനങ്ങൾ ജോലി സ്ഥലത്തും റമദാൻ വ്രതത്തിലുമായതിനാലാണ് സംഘത്തിനു കുറച്ച് ഭാഗമെങ്കിലും സർവേ നടത്താനായത്.
ഇരകളുടെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയാനോ, ജനങ്ങളെ വിശ്വാസത്തിലെടുക്കാനോ അധികൃതർ തയാറാകാത്തതു ഖേദകരമാണെന്നു യോഗം വിലയിരുത്തി. ഇത്തരം ജനാധിപത്യ രഹിതമായ നടപടികൾ ചോദ്യം ചെയ്യപ്പെടുമെന്നോർക്കണമെന്ന് ജനകീയ സമിതി മുന്നറിയിപ്പ് നൽകി. ചെയർമാൻ പാന്തൊടി ബാപ്പുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.ഷാജി, വി.മുഹമ്മദ്, പി.മാനു തുടങ്ങിയവർ പ്രസംഗിച്ചു.
 

Latest News