ബംഗളൂരു-നടിയും മുന്‍ എം.പിയുമായ ദിവ്യ സ്പന്ദനക്കെതിരെ അപകീര്‍ത്തിവാര്‍ത്ത നല്‍കിയതിന് ഏഷ്യാനെറ്റും സഹ സ്ഥാപനമായ സുവര്‍ണ ന്യൂസ് ചാനലും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബംഗളൂരു ഹൈക്കോടതി ഉത്തരവ്. 2013 ല്‍ ഐപിഎല്‍ സ്‌പോട്ട് ഫിക്‌സിംഗില്‍ ദിവ്യ സ്പന്ദന ഇടപെട്ടുവെന്ന തെറ്റായ വാര്‍ത്ത നല്‍കിയതിനാണ് ചാനലുകള്‍ക്കെതിരായ വിധി.
സ്‌പോട്ട് ഫിക്‌സിംഗുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ താനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കരുതെന്ന ദിവ്യയുടെ ആവശ്യം കോടതി അംഗീകരിച്ചു. തട്ടിപ്പു സംബന്ധിച്ച് ചില കന്നട താരങ്ങളുടെ ഇടപെടല്‍ വാര്‍ത്തയായപ്പോള്‍ അതില്‍ ദിവ്യ സ്പന്ദനയുടെ ചിത്രവും ചാനലുകള്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
വാര്‍ത്തയില്‍ ദിവ്യസ്പന്ദനയുടെ പേര് നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെന്ന ചാനലുകളുടെ വാദം കോടതി അംഗീകരിച്ചില്ല.
ദല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ഐപിഎല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടികൂടിയവരെ ചോദ്യം ചെയ്തപ്പോള്‍ ദിവ്യ സ്പന്ദന എന്ന പേര് അവര്‍ പറഞ്ഞിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മുന്‍ അംബാസഡര്‍ കൂടിയായിരുന്നു ദിവ്യ സ്പന്ദന. താന്‍ ഐപിഎല്‍ 2013ല്‍ ഒരു തരത്തിലും ഭാഗമായിരുന്നില്ലെന്നും കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നുവെന്നും ദിവ്യ സ്പന്ദന കോടതിയില്‍ ബോധിപ്പിച്ചു.