മുംബൈ- വിവാദമായ ഇരട്ട വിരല്‍ കന്യകാത്വ പരിശോധന സംബന്ധിച്ച പാഠഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ നിന്ന് നീക്കം ചെയ്യാന്‍ മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് കരിക്കുലം സമിതി തീരുമാനിച്ചു. അശാസ്ത്രീയവും മനുഷ്യാവകാശ ലംഘനവുമായ ഈ കന്യകാത്വ പരിശോധനാ രീതിയെ കുറിച്ചു പഠിപ്പിക്കുന്ന ഭാഗം മെഡിക്കല്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട വാര്‍ധയിലെ ഒരു ഡോക്ടറാണ് പരാതി നല്‍കിയിരുന്നത്. ഈ പരിശോധനാ ലൈംഗിക പീഡന അന്വേഷണത്തെ സഹായിക്കില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു തീരുമാനം. യൂണിവേഴ്‌സിറ്റിയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ആണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഇത് ഇനി യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗീകരിക്കേണ്ടതുണ്ട്. ഇതിനു ശേഷമെ പാഠ പുസ്തകങ്ങളില്‍ നിന്ന് ഇവ നീക്കം ചെയ്യൂ. ഈ പരിശോധനാ രീതിക്ക് ശാസ്ത്രീയ പിന്‍ബലമില്ലെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. കെ.ഡി ചവാന്‍ പറഞ്ഞു.
ഒരു സ്ത്രീയുടെ/ പെണ്‍കുട്ടിയുടെ യോനി വഴി ലൈംഗിക ബന്ധം നടന്നിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിന് അവലംബിച്ചു പോരുന്ന രീതിയാണ് ഇരട്ട വിരല്‍ കന്വാകത്വ പരിശോധന. രണ്ടു വിരലുകള്‍ ഉള്ളിലേക്കിട്ട് കന്യാചര്‍മവും യോനിഭിത്തിയും പരിശോധിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ലൈംഗിക പീഡനക്കേസുകളില്‍ ഈ പരിശോധന ഇരകളുടെ സ്വകാര്യതയെ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2013-ല്‍ സുപ്രീം കോടതി ഇതു നിരോധിച്ചിരുന്നു. പീഡനക്കേസ് ഇരകളില്‍ ഇതു നടത്തരുതെന്ന് സംസ്ഥാനങ്ങളും ഉത്തരവിറക്കിയിരുന്നു.
ഈ അശാസ്ത്രീയ പരിശോധന പഠിപ്പിക്കാന്‍ നിരവധി അധ്യായങ്ങളാണ് മെഡിക്കല്‍ ടെകസ്റ്റ്ബുക്കുകളില്‍ നീക്കിവച്ചിരിക്കുന്നതെന്നും ഇവ സ്ത്രീകളുടെ കന്യകാത്വത്തെ കുറിച്ചു മാത്രമാണ് പ്രതിപാദിക്കുന്നതെന്നും സേവാഗ്രാമിലെ മഹാത്മാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഫോറന്‍സിക് അധ്യാപകന്‍ ഡോ. ഇന്ദ്രജിത്ത് ഖാന്‍ഡേക്കര്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും മഹാരാഷ്ട്ര മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്കും കഴിഞ്ഞ വര്‍ഷം നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.