സിഡ്‌നി- ഓസ്‌ട്രേലിയയില്‍ പ്രാര്‍ത്ഥനാ പരിപാടിക്കെത്തിയ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സ്വയം പ്രഖ്യാപിത യോഗ ഗുരു സ്വാമി ആനന്ദ് ഗിരിയെ ഓസ്‌ട്രേലിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. ആത്മീയ പരിപാടികള്‍ക്കായി ഇവിടെ എത്തിയ ആനന്ദ് ഗിരി ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് സിഡ്‌നിയില്‍ മേയ് അഞ്ചിന് അറസ്റ്റിലായതെന്ന് ഓസ്‌ട്രേലിയന്‍ വാര്‍ത്താ പോര്‍ട്ടലാ എസ്ബിഎസ് റിപോര്‍ട്ട് ചെയ്യുന്നു. കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ജൂണില്‍ വീണ്ടും ഹാജരാകാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തതായും റിപോര്‍ട്ടില്‍ പറയുന്നു. 2016-ല്‍ ഓരു യുവതിയേയും 2018 നവംബറില്‍ മറ്റൊരു യുവതിയേയും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജിലെ(അലഹാബാദ്) ബഡെ ഹനുമാന്‍ ക്ഷേത്രത്തിലെ ആത്മീയാചാര്യനാണ് പീഡനക്കേസ് പ്രതിയായ ആനന്ദ് ഗിരി. ബിജെപി നേതാക്കളുമായും വലിയ അടുപ്പമുള്ളയാളാണ് ഇദ്ദേഹം. ബിജെപി ഉന്നത നേതാക്കള്‍ക്കും കേന്ദ്ര മന്ത്രിമാര്‍ക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോകളും ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രി വികെ സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോയും ഇതിലുള്‍പ്പെടും.