മീറത്ത്- കാണാതായ ഉത്തര്‍ പ്രദേശ് പോലീസ് കോണ്‍സ്റ്റബിളിനെ അഞ്ചു മാസങ്ങള്‍ക്കു ശേഷം ദല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ജീവപരന്ത്യം തടവു ശിക്ഷയനുഭവിക്കുന്ന കുറ്റവാളിയായി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒരു മാസത്തെ ദീര്‍ഘ അവധിയില്‍ പ്രവേശിച്ച 55കാരനായ കന്‍വര്‍ പാല്‍ സിങ് ജയിലിലാണെന്ന തിരിച്ചറിയാന്‍ പോലീസിന് മാസങ്ങള്‍ വേണ്ടി വന്നു. ബിജ്‌നോറിലെ ബധപുര്‍ പോലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായിരിക്കെയാണ് കന്‍വറിനെ കാണാതാകുന്നത്. 1987ലെ ഹാശിംപുര മുസ്ലിംകൂട്ടക്കൊല കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 16 പോലീസുകാരില്‍ ഒരാളാണ് കന്‍വര്‍ പാല്‍ സിങ്. കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ വകുപ്പു തല അന്വേഷണത്തിനു ശേഷം ഇദ്ദേഹത്തെ പോലീസ് സേനയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തു.
2018 നവംബര്‍ 15-നാണ് കന്‍വര്‍പാല്‍ ബിജ്‌നോറിലെ സ്റ്റേഷനില്‍ നിന്ന് അവധിയെടുത്തു പോയത്. പിന്നീട് മൂന്നര മാസത്തിനു ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ മാസം കന്‍വര്‍പാലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ സമയത്തും മുന്‍ യുപി പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി ജവാനായിരുന്ന കന്‍വര്‍ പാല്‍ കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ശേഷമാണ് കന്‍വറിനെ കണ്ടെത്താന്‍ പോലീസ് വകുപ്പു തല അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഈ അന്വേഷണത്തിലാണ് ഷംലിയിലെ കിരോരി സ്വദേശിയായ കന്‍വര്‍പാല്‍ തിഹാര്‍ ജയിലിലാണെന്ന് കണ്ടെത്തിയത്.
1987 മേയ് 22-ന് മീറത്തിലെ ഹാശിംപുരയില്‍ 42 മുസ്ലിംകളെ പിടികൂടി വെടിവെച്ചു കൊന്ന കേസില്‍ കഴിഞ്ഞ വര്‍ഷം ദല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ജവാന്‍മാരില്‍ ഒരാളായിരുന്നു കന്‍വര്‍പാലും. മുസ്ലിംകളെ മാത്രം ഉന്നമിട്ടു മനപ്പുര്‍വ്വം നടത്തിയ കൂട്ടക്കൊലയായിരുന്നു ഇതെന്ന് ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വെടിവെച്ചു കൊന്ന മു്സ്ലിംകളെ മീറത്തിലെ കനാലില്‍ എറിയുകയായിരുന്നു പ്രതികള്‍.