ന്യൂദല്‍ഹി- അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിയും ഭരണം പിടിച്ചെടുക്കാന്‍ പ്രതിപക്ഷ കക്ഷികളും ഫലപ്രഖ്യാപനത്തിനു മുമ്പു തന്നെ കരുനീക്കങ്ങള്‍ തുടങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടങ്ങള്‍ അവശേഷിക്കെ, തനിച്ച് ഭൂരിപക്ഷം ലഭിക്കുമെന്ന അവകാശവാദത്തില്‍നിന്ന് ബി.ജെ.പി പിറകോട്ടു പോയിരിക്കയാണ്. എങ്കിലും ബി.ജെ.പി ഒറ്റക്കക്ഷിയായാല്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് മോഡിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭയപ്പെടുന്നു. ഇതിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍.
ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി റാം മാധവിന്റെ പ്രസ്താവനയെ ബി.ജെപി ക്യാമ്പിലെ അങ്കലാപ്പായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നത്. ബി.ജെ.പിക്കു 271 സീറ്റ് സീറ്റുകള്‍ കിട്ടുകയാണെങ്കില്‍ സന്തോഷമായെന്നും ഘടകകക്ഷികളുടെ സഹായത്തോടെ ഭരിക്കാനാകുമെന്നുമാണ് റാം മാധവ് പറഞ്ഞത്. ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്തും പറയുന്നു. പക്ഷേ, ബി.ജെ.പി തന്നെയാകും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും മോഡി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ശിവസേനാ നേതാവ് കണക്കുകൂട്ടുന്നു. അതേസമയം, 2014 ലെ ഭൂരിപക്ഷം മറികടക്കുമെന്ന പ്രചാരണത്തിലാണ് പ്രധാനമന്ത്രി മോഡിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും. ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന ആര്‍.എസ്.എസിന്റെ വിലയിരുത്തല്‍ കൂടിയാണ് റാം മാധവിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. 118 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് അവശേഷിക്കുന്നത്.
ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കരുതെന്ന് കാലേക്കൂട്ടി രാഷ്ട്രപതിയോട് ആവശ്യപ്പെടാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. പ്രതിപക്ഷ സഖ്യ സര്‍ക്കാരിനെ പിന്തുണക്കാന്‍ തയാറാണെന്ന് രാഷ്ട്രപതിയെ ബോധ്യപ്പെടുത്താനാണ് ആലോചന. ഇതിനായി 21 പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിക്ക് വെവ്വേറെ കത്തു നല്‍കുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
543 അംഗ സഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ 274 സീറ്റാണ് വേണ്ടത്. 2014ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 282 സീറ്റാണു ലഭിച്ചത്. 30 വര്‍ഷത്തിനുശേഷമാണ് കേന്ദ്രത്തില്‍ ഒരു കക്ഷിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചത്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 336 സീറ്റും നേടി.