Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ ബിസിനസ് വര്‍ധിച്ചു; തട്ടിപ്പുകാര്‍ക്ക് മുന്നറിയിപ്പുമായി സൗദി മന്ത്രാലയം

ഇ-സ്ഥാപനങ്ങളിൽ 60 ശതമാനം വർധന

റിയാദ്- ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്ക് സൗദി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ താക്കീത്. ഉപയോക്താക്കളെ വഞ്ചിച്ച് വ്യാജമായതോ ഗുണമേന്മ കുറഞ്ഞതോ ആയ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നവർ മൂന്ന് വർഷം കഠിന തടവും 10 ലക്ഷം റിയാൽ വരെ പിഴയും ഒടുക്കേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘകരെ പിന്നീട് ഈ മേഖലയിൽ പ്രവർത്തിക്കുന്നതിൽനിന്ന് പൂർണമായി വിലക്കും. പ്രാദേശിക പത്രത്തിൽ കുറ്റകൃത്യവും ശിക്ഷയും സംബന്ധിച്ച് അവരുടെ ചെലവിൽ പരസ്യം ചെയ്യാനും നിഷ്‌കർഷിക്കും. 
പ്രതികൾ വിദേശികളാണെങ്കിൽ ശിക്ഷാകാലയളവിന് ശേഷം നാടുകടത്തുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. സാമൂഹ്യ മാധ്യമങ്ങൾ വഴി ഹാനികരമായ ഉൽപന്നങ്ങളുടെ വിൽപനയും തകൃതിയായി നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 
രാജ്യത്ത് അംഗീകൃത രൂപത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 60 ശതമാനം വർധിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 2018 ൽ മാത്രം 24,000 ഓൺലൈൻ സ്ഥാപനങ്ങൾ മന്ത്രാലയം ആവിഷ്‌കരിച്ച  'മഅറൂഫ്' വെബ്‌പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
സാമൂഹ്യ മാധ്യമങ്ങളിലെ അജ്ഞാത അക്കൗണ്ടുകളും പേജുകളും വഴി ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം ഉപയോക്താക്കളെ ഓർമിപ്പിച്ചു. 
സൗദിയിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ സ്ഥാപനങ്ങളെ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ 'മഅറൂഫ്' സേവനം വഴി തിരിച്ചറിയാൻ സാധിക്കും. അല്ലെങ്കിൽ ആഗോളതലത്തിൽ അറിയപ്പെടുന്ന സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ വാങ്ങുന്നതിന് ശ്രദ്ധിക്കണം. ഓൺലൈൻ വ്യാപാര തട്ടിപ്പ് ബോധ്യമായാൽ ടോൾ ഫ്രീ നമ്പറായ 1900 വഴിയോ ബലാഗ് തിജാരി സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ മുഖേനയോ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഇതിനോടകം ഓൺലൈൻ വഴി വാങ്ങിച്ച ഉൽപന്നങ്ങളുടെ ഗുണമേന്മ സംബന്ധിച്ച് 19,700 പരാതികൾ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ഇതിൽ 56 ശതമാനവും ഇലക്‌ട്രോണിക് ഉപകരണങ്ങളെ കുറിച്ചാണ്. പരാതികളിൽ 14 ശതമാനം ഇലക്ട്രിക്കൽ ഉപകരണങ്ങളെയും 13 ശതമാനം വസ്ത്രങ്ങളെയും ഒമ്പത് ശതമാനം ആക്‌സസറീസുകളെയും സംബന്ധിച്ചാണ്. സൗന്ദര്യസംവർധക വസ്തുക്കളെയും കുറിച്ച് എട്ടു ശതമാനം പരാതികളും ലഭിച്ചിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. 
അതേസമയം, രാജ്യത്തെ ഔഷധങ്ങളും ലേപനങ്ങളും നിരീക്ഷിക്കുന്നത് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും ഉൽപനങ്ങൾ വിറ്റഴിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന പരസ്യങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കുന്നത് മീഡിയാ മന്ത്രാലയവുമാണെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഷോപ്പുകളും ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ എന്നിവയെ നിരീക്ഷിക്കുന്നത് തങ്ങളാണെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. 
 

Latest News