റിയാദ് - പാരമ്പര്യത്തിന്റെ അടയാളങ്ങളായ ഫാനൂസുകളൂടെ ശോഭയിൽ റമദാൻ പുണ്യമാസത്തെ വരവേൽക്കുകയാണ് സ്വദേശികളും അറബ് വംശജരും. നൂറ്റാണ്ടുകളായി തുടരുന്ന ഈ പാരമ്പര്യ മഹിമ കെടാതെ സൂക്ഷിക്കുന്ന ഇവർക്ക് ഫാനൂസ് പ്രഭയില്ലാത്ത റമദാൻ സങ്കൽപിക്കൽ അസാധ്യം.
തലസ്ഥാന നഗരിയിലും സൗദിയുടെ വിവിധ ഭാഗങ്ങളിലും ഇന്ന് ഫാനൂസ് കടകൾ ഏറെയുണ്ട്. നേരം ഇരുട്ടുന്നതോടെ പാതയോരങ്ങളിൽ കത്തിച്ചുവെച്ച ഫാനൂസ് കടകളുടെ കാഴ്ച കണ്ണഞ്ചിപ്പിക്കും. ചെറുതും വലുതുമടക്കം വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഫാനൂസ് വിപണി. മെഴുകായിരുന്നു ഫാനൂസിന്റെ ആദ്യ കാല ഇന്ധനമെങ്കിലും ഇപ്പോഴത് ബാറ്ററിയും ചാർജ് ചെയ്യാവുന്ന രൂപത്തിലുമായി. റമദാന്റെ ചന്ദ്രക്കല ദൃശ്യമായത് മുതൽ പുണ്യമാസത്തെ സ്വാഗതം ചെയ്ത് ഫാനൂസ് വിളക്കുകൾ വീടുകൾക്ക് മുന്നിൽ തൂക്കിയിടുന്ന പതിവ് ഇന്ന് മിക്ക സ്വദേശി വീടുകളിലുമുണ്ട്.
ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഫാനൂസ് എന്ന പദം അറബിയിലെത്തിയത്. ഇസ്‌ലാമിന്റെ ആദ്യ കാലത്ത് പള്ളികളിലേക്ക് നടന്നുപോകാനും ബന്ധുക്കളെ സന്ദർശിക്കാനും മറ്റുമുള്ള രാത്രിയാത്രകളിൽ പ്രധാനമായും ഈ വിളക്കായിരുന്നു ഉപയോഗിച്ചിരുന്നത്. ഈജിപ്തുകാരാണ് ഫാനൂസിനെ കൂടുതൽ ഉപയോഗിച്ചിരുന്നതെന്നും അവരാണ് അതിനെ അറബ് ലോകത്തിന് പരിചയപ്പെടുത്തിയതെന്നുമാണ് ചരിത്രം. ഫാത്തിമിയ്യ ഖലീഫമാരിലൊരാൾ റമദാൻ മാസപ്പിറവി ദൃശ്യമായ സന്തോഷാതിരേകത്താൽ രാത്രി ഫാനൂസ് കത്തിച്ച് റോഡിലൂടെ നടന്നിരുന്നു. ധാരാളം കുട്ടികളും അദ്ദേഹത്തെ അനുഗമിക്കുമായിരുന്നു. ഫാത്തിമിയ്യ ഖലീഫമാരിൽ പലരും റമദാൻ രാത്രികളിൽ കയ്‌റോ തെരുവുകളിലും മസ്ജിദുകളിലും ഫാനൂസ് കത്തിച്ചുവെക്കാൻ ആവശ്യപ്പെടാറുണ്ടായിരുന്നു. ഖലീഫ അൽമുഇസ്സു ലിദീനില്ല അൽഫാതിമി റമദാൻ മാസം കയ്‌റോയിലെത്തിയപ്പോൾ ഫാനൂസ് കത്തിച്ചായിരുന്നു അദ്ദേഹത്തെ ജനങ്ങൾ സ്വീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഫാനൂസില്ലാതെ റമദാനില്ലെന്നാണ് സൗദിയിലുള്ള ഈജിപ്തുകാരും പറയാറുള്ളത്.
റമദാനെ സ്വാഗതം ചെയ്ത് വീടുകളിലും കടകളിലും ഫാനൂസ് കത്തിക്കുന്ന പതിവ് ഇപ്പോഴും പ്രകടമാണ്. റമദാൻ സമ്മാനമായി മുതിർന്നവർ ഫാനൂസുകൾ നൽകുന്ന രീതി ഇന്നും ചില അറബി വീടുകളിലുണ്ട്.
കേരളത്തിൽ ഒരു കാലത്ത് ഉപയോഗിച്ചിരുന്ന പാനീസ് എന്ന റാന്തൽ വിളക്ക് ഫാനൂസിന്റെ വകഭേദമായാണ് അറിയപ്പെടുന്നത്. വൈദ്യുതിയുടെ ആഗമനത്തോടെ കാലക്രമത്തിൽ റാന്തൽ വിളക്കുകൾ നമ്മുടെ പടിയിറങ്ങിപ്പോവുകയും ചെയ്തു. അറേബ്യൻ സംസ്‌കാരത്തിന്റെ സ്വാധീന വലയത്തിൽ ഫാനൂസുകൾ കേരളത്തിൽ വീണ്ടുമെത്തിത്തുടങ്ങിയിട്ടുണ്ട്.