Sorry, you need to enable JavaScript to visit this website.

യു.പി.എ ഭരണത്തില്‍ നടത്തിയ മിന്നലാക്രമണത്തിന് രേഖകളില്ലെന്ന് പ്രതിരോധ മന്ത്രാലയം

ന്യൂദല്‍ഹി- യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇന്ത്യ മിന്നലാക്രണം നടത്തിയതിന് രേഖകളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം ജമ്മു സ്വദേശി നല്‍കി അപേക്ഷക്കുള്ള മറുപടിയിലാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 2016ന് മുമ്പ് മിന്നലാക്രമണം നടത്തി എന്നതിന് തെളിവുകളില്ലെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ മറുപടി. തങ്ങള്‍ രാജ്യം ഭരിച്ചപ്പോഴും മിന്നലാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍, അതൊന്നും വോട്ടിന് വേണ്ടി ഉപയോഗിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടതിനിടെയാണ് ഇതിന് വിരുദ്ധമായി പ്രതിരോധ മന്ത്രാലയത്തിന്റെ മറുപടി പുറത്തു വന്നിരിക്കുന്നത്.

 

ജമ്മു സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ രോഹിത് ചൗധരിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ 2004നും 2014നും ഇടയില്‍ മിന്നലാക്രണങ്ങള്‍ നടത്തിയതിന്റെ രേഖകളൊന്നും ഇല്ലെന്നാണ് മന്ത്രാലയം വിശദീകരിച്ചിരിക്കുന്നത്. മന്‍മോഹന്‍ മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ആറ് തവണ മിന്നലാക്രണം നടത്തിയിട്ടുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ അവകാശവാദം. ഇതിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിരന്തരം പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍, യു.പി.എ നടത്തിയ മിന്നലാക്രണങ്ങള്‍ വിഡിയോ ഗെയിമുകളാണെന്ന പരിഹാസം വഴി നരേന്ദ്ര മോഡി രാജ്യത്തെ സൈനികരെ അധിക്ഷേപിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഓപ്പറേഷന്‍ ജിഞ്ചര്‍ എന്ന പേരില്‍ 2011ല്‍ യുപിഎ സര്‍ക്കാര്‍ മിന്നലാക്രണം നടത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മിന്നലാക്രണം മോഡിയും ബിജെപിയും നടത്തുന്നത് പോലെ ആഘോഷിക്കാനുള്ളതല്ല. അത് രാജ്യസുരക്ഷക്ക് വേണ്ടി നടത്തുന്ന സൈനിക നീക്കമാണ്. മന്‍മോഹന്‍ സിംഗ് ഒരിക്കലും തന്റെ ഭരണകാലത്ത് നടത്തിയ മിന്നലാക്രമണങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടേയില്ലെന്നാണ് കപില്‍ സിബല്‍ പറഞ്ഞത്.

 

Latest News