ചന്ദ്രനെ നിരീക്ഷിച്ച് അതിൽ നിന്ന് ഒരു ഹിജ്‌റ കലണ്ടർ ശാസ്ത്രീയമായി രൂപപ്പെടുത്തിയെടുക്കാൻ മണിക്ഫാൻ തുനിഞ്ഞു. ഓരോ വർഷത്തിന്റെയും തെറ്റില്ലാത്ത കലണ്ടർ മുൻകൂട്ടി ഒരുക്കാനാകും. ഇതുവഴി ലോക മുസ്‌ലിംകൾക്ക് പെരുന്നാളും നോമ്പും ഏകീകരിച്ചെടുക്കാനും കഴിയും.
അലി മണിക്ഫാൻ എന്ന ലക്ഷദ്വീപുകാരനെ ലോകം നോക്കിക്കണ്ടുതുടങ്ങിയത് ഹിജ്‌റ കലണ്ടർ ഒരുക്കിയതിലൂടെയാണ്. അന്നോളം മുസ്‌ലിം സമൂഹം പുലർത്തിപ്പോന്ന ചന്ദ്രമാസപ്പിറവിയുടെ അടിസ്ഥാനത്തിലുള്ള ഹിജ്‌റ കലണ്ടർ രീതി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടും അതിന് ഒട്ടനവധി ന്യായങ്ങൾ നിരത്തിയുമാണ് മണിക്ഫാൻ രംഗത്ത് വന്നത്. അത് പുതിയൊരു വിവാദത്തിന് തിരികൊളുത്തി. നിലവിലുള്ള ഗ്രിഗോറിയൻ കലണ്ടറിന്റെ അപാകതകളെക്കുറിച്ച് വാദിച്ചുകൊണ്ടാണ് മണിക്ഫാൻ തന്റെ ആശയങ്ങൾ ലോകത്തോട് പങ്കുവച്ചത്.
ഒരു ഏകീകൃത ഹിജ്‌റ കലണ്ടറായിരുന്നു മണിക്ഫാന്റെ കൈയിലുണ്ടായിരുന്നത്. ഇതിലേക്ക് മണിക്ഫാനെ ചെന്നെത്തിച്ചത് ഒരു പെരുന്നാൾ ദിനമായിരുന്നു.
1965 ലാണ് സംഭവം. ലക്ഷദ്വീപ് അഡ്മിനിസ്ട്രറ്റർ ആയിരുന്ന മൂർക്കോത്ത് രാവുണ്ണി ഒരു പെരുന്നാൾ ദിവസത്തിലാണ് കേരളത്തിൽ നിന്ന് ലക്ഷദ്വീപിലെത്തിയത്. പിറ്റേന്ന് അഗത്തിയിലെത്തിയപ്പോൾ അവിടെ അന്നായിരുന്നു പെരുന്നാൾ. കപ്പലിൽ നിന്ന് സാധനങ്ങൾ ഇറക്കാൻ ആരുമില്ലായിരുന്നു. പിറ്റേന്ന് മിനിക്കോയിലെത്തിയപ്പോഴാകട്ടെ, അവിടെ അന്നാണ് പെരുന്നാൾ. ഒരേ വിശ്വാസക്കാരായവർക്ക് മൂന്ന് ദിവസങ്ങളിലായി പെരുന്നാളോ? ഇതിനെക്കുറിച്ചായിരുന്നു മണിക്ഫാന്റെ ആലോചന. തുടർന്ന് മതഗ്രന്ഥങ്ങൾ പരിശോധിച്ചു. ശാസ്ത്ര ലോകത്തേക്ക് തിരിഞ്ഞു. സ്വന്തമായുള്ള ടെലസ്‌കോപ്പ് ഉപയോഗിച്ച് മാനത്ത് ചന്ദ്രനെ ദിവസങ്ങളോളം നിരീക്ഷിച്ചു. ചന്ദ്രന്റെ ദിവസങ്ങളിലുള്ള ചലനത്തെക്കുറിച്ച ്ശാസ്ത്രജ്ഞന്മാരോടും മതപണ്ഡിതന്മാരോടും ചോദിച്ചറിഞ്ഞു. നിലവിലുള്ള കലണ്ടറുകളുടെ ഘടനയും പരിശോധിച്ചു. പോപ്പ് ഗ്രിഗറി പതിമൂന്നാമൻ കൂട്ടിയും കുറച്ചും തയാറാക്കിയ കലണ്ടർ, അപര്യാപ്തതകളുടേയും പോരായ്മകളുടേയും അബദ്ധ പഞ്ചാംഗമാണെന്ന് അലി
മണിക്ഫാൻ തിരിച്ചറിഞ്ഞു. വർഷങ്ങളോളമുള്ള തന്റെ നിരീക്ഷണവും പരീക്ഷണവും കൊണ്ട് അദ്ദേഹം ചിലത് കണ്ടെത്തി. കാലങ്ങളായി ഉപയോഗിച്ചുവരുന്ന കലണ്ടർ സത്യത്തിൽ മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു.
ഇതിന് പരിഹാരമായി ചന്ദ്രനെ നിരീക്ഷിച്ച് അതിൽ നിന്ന് ഒരു ഹിജ്‌റ കലണ്ടർ ശാസ്ത്രീയമായി രൂപപ്പെടുത്തിയെടുക്കാൻ അദ്ദേഹം തുനിഞ്ഞു. ഓരോ വർഷത്തിന്റെയും തെറ്റില്ലാത്ത കലണ്ടർ മുൻകൂട്ടി ഒരുക്കാനാകും. ഇതുവഴി ലോക മുസ്‌ലിംകൾക്ക് പെരുന്നാളും നോമ്പും ഏകീകരിച്ചെടുക്കാനും കഴിയും.
മാസം കണ്ട് നോമ്പും പെരുന്നാളും ഉറപ്പിച്ചുപോന്നിരുന്ന പരമ്പരാഗത സമ്പ്രദായത്തിന് മേൽ മണിക്ഫാൻ ചോദ്യമുയർത്തിയതോടെ ചില പണ്ഡിതർ എതിർത്തു. പലരും ഗൗനിച്ചില്ല. എങ്കിലും തന്റെ ആശയം അദ്ദേഹം പ്രചരിപ്പിച്ചു. തന്റെ ഹിജ്‌റ കലണ്ടർ മനസ്സ് കൊണ്ട് അംഗീകരിക്കുന്ന നിരവധി പേർ ഇന്ന ലോകത്തുണ്ട്. എന്നാൽ പരസ്യമായി അംഗീകരിക്കാൻ പലരും തയാറാകുന്നില്ല. മണിക്ഫാന്റെ ആശയങ്ങൾ പൂർണമായും ഉൾക്കൊണ്ട് കഴിയുന്ന നിരവധി പേർ ഇന്ന് കേരളത്തിലും ലക്ഷദ്വീപിലുമുണ്ട്.
സൗദി അറേബ്യ, ഒമാൻ, ശ്രീലങ്ക തുടങ്ങി സഞ്ചരിച്ച നാടുകളിലെ ഭരണാധികാരികളോട് മുഴുവൻ മണിക്ഫാൻ തന്റെ ഹിജ്‌റ കലണ്ടർ കാണിച്ച് ആശയം വിശദീകരിച്ച് കൊടുത്തിട്ടുണ്ട്. പക്ഷേ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് മണിക്ഫാന് മനസ്താപം. ഇതു സംബന്ധിച്ച് സൗദി അറേബ്യയിൽ അഞ്ച് തവണ ചർച്ചക്കായി എത്തിയിട്ടുണ്ട്. പ്രതീക്ഷ കൈവിടാതെ ഒരു നാൾ ലോകം തന്റെ ആശയം അംഗീകരിക്കുമെന്ന് മണിക്ഫാൻ ഉറച്ചു വിശ്വസിക്കുന്നു.
കപ്പൽ നിർമാണ ശാലയിലെ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം ലക്ഷദ്വീപിലെ സർക്കാർ ജോലിയിൽ പ്രവേശിച്ചതോടെയാണ് മണിക്ഫാന്റെ ചിന്തകൾക്ക് ചിറക് വിടർന്നത്.
മിനിക്കോയ് ദ്വീപിലെ മെട്രോളജി വകുപ്പിൽ ബലൂൺ ഫ്‌ളൈറ്റിൽ അസിസ്റ്റന്റായിട്ടായിരുന്നു ജോലി. ബലൂണിൽ ഹൈഡ്രജൻ നിറച്ച് ആകാശത്തേക്ക് വിട്ട് ബലൂൺ നിരീക്ഷിച്ച് ടെലസ്‌കോപ്പിൽ അന്തരീക്ഷത്തിന്റെ ഗതി പരിശോധിക്കുകയാണ് ജോലി. കാലാവസ്ഥാ പഠനത്തിലും ഗോള ശാസ്ത്രത്തിലും പുതിയ അറിവുകൾ ലഭിക്കാൻ ജോലി സഹായിച്ചു. ജലയാത്രകളിൽ മുഴുകാൻ അവസരം കിട്ടി. പിന്നീട് പിതാവിന്റെ ഭരണച്ചുമതലയുണ്ടായിരുന്ന
ഓഫീസിൽ ക്ലാർക്കായി. പിന്നീട് സ്വന്തമായി പായക്കപ്പൽ, മോട്ടോർ സൈക്കിൾ, വൈദ്യുതി തുടങ്ങിയവ ഒരുക്കിയും മാണിക്ഫാൻ ഹിജ്‌റ കലണ്ടർ പോലെ ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്.