ന്യൂദൽഹി- ഒരേപോലെയുള്ള പ്രസംഗത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരട്ട്ത്താപ്പ് നടത്തുന്നതിന്റെ തെളിവുമായി കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. പ്രസംഗത്തിൽ മോഡിക്കും അമിത് ഷാക്കും ക്ലീൻ ചിറ്റ് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ അതേവാചകം പ്രസംഗത്തിൽ ഉപയോഗിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടപടി സ്വീകരിച്ചുവെന്നും കോൺഗ്രസ് വ്യക്തമാക്കി. നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കും എതിരായ മാതൃക പെരുമാറ്റ ചട്ട ലംഘന പരാതികളിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടിയുടെ ഉത്തരവുകൾ കോൺഗ്രസ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തു.
ഹർജിക്കാരിയും കോൺഗ്രസ് ലോക്‌സഭാ അംഗവും ആയ സുഷ്മിത ദേബ് ആണ് ഉത്തരവുകളുടെ പകർപ്പ് സത്യവാങ് മൂലത്തിലൂടെ കോടതിയിൽ സമർപ്പിച്ചത്. മോഡി, അമിത് ഷാ എന്നിവർ നടത്തിയതിന് സമാനമായ പ്രസ്താവനകൾ നടത്തിയവർക്ക് എതിരെ തെരെഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചു എന്ന് സുഷ്മിത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
യോഗി ആദിത്യനാഥ്, മായാവതി, മേനക ഗാന്ധി, പ്രജ്ഞ സിംഗ് താക്കൂർ എന്നിവർക്ക് എതിരെ എടുത്ത നടപടികളും സുഷ്മിത ഫയൽ ചെയ്ത സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സുഷ്മിത ദേബ് നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.