Sorry, you need to enable JavaScript to visit this website.

ബിഹാറില്‍ പോളിങിനിടെ വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങള്‍ ഹോട്ടലില്‍

മുസഫര്‍പൂര്‍- തിങ്കളാഴ്ച വോട്ടെടുപ്പ് നടന്ന ബിഹാറിലെ മുസഫര്‍പൂരില്‍ പോളിങ് സമയത്ത് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും ഹോട്ടലില്‍ കണ്ടെത്തിയ സംഭവത്തില്‍ വകുപ്പു തല അന്വേഷണം. രണ്ട് ബാലറ്റിങ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റും രണ്ട് വിവിപാറ്റ് യന്ത്രങ്ങളുമാണ് ചട്ടം ലംഘിച്ച് ഹോട്ടലിലെത്തിച്ചതായി കണ്ടെത്തിയത്. കേടായ യന്ത്രങ്ങള്‍ക്കു പകരം മാറ്റിസ്ഥാപിക്കാന്‍ വച്ചിരുന്നവയായിരുന്നു ഇവയെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അലോക് രജ്ഞന്‍ ഘോഷ് പറഞ്ഞു. കരുതലായി സൂക്ഷിക്കാന്‍ സെക്ടര്‍ ഓഫീസര്‍ക്ക് കൈമാറിയവയായിരുന്നു ഇവ. കേടായവ മാറ്റി സ്ഥാപിച്ച ശേഷം ബാക്കിയായവ അദ്ദേഹം തന്റെ കാറില്‍ തന്നെ സൂക്ഷിച്ചതായിരുന്നു. നിയമപ്രകാരം കാറില്‍ നിന്ന് ഇവ പുറത്തിറക്കാന്‍ ബന്ധപ്പെട്ട ഓഫീസര്‍ക്ക് അനുമതിയില്ല. ഇവ ഹോട്ടലിലെത്തിച്ചത് ചട്ടലംഘനമാണെന്നും ഘോഷ് പറഞ്ഞു. ചട്ടലംഘനമുണ്ടായ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥനെതിരെ വകുപ്പു തല അന്വേഷണം നടത്തുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
 

Latest News