ന്യൂദല്‍ഹി- വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണുന്നതിനൊപ്പം വിവിപാറ്റ് യന്ത്രങ്ങളിലെ 50 ശതമാനം സ്ലിപ്പുകളും എണ്ണണമെന്ന 21 പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണേണ്ടതില്ലെന്ന ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യട്ടുള്ള ഹരജിയാണ് തള്ളിയത്. 50 ശതമാനം സ്ലിപ്പുകള്‍ എണ്ണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി എതിര്‍ത്തതോടെ 25 ശതമാനമെങ്കിലും എണ്ണണമെന്ന് ആവശ്യപ്പെട്ടു. ഇതും കോടതി അംഗീകരിച്ചില്ല. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ക്കൊപ്പം ഇവയോടൊപ്പം ഉപയോഗിക്കുന്ന വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകളിലും രേഖപ്പെടുത്തിയ വോട്ട് പ്രിന്റ് ചെയ്യും. ഇവ രണ്ടും ഒത്തുനോക്കണമെന്നായിരുന്നു ആവശ്യം.
ഓരോ അസംബ്ലി മണ്ഡലത്തിലേയും അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകളാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ എണ്ണുക. നേരത്തെ ഒരു മണ്ഡലത്തില്‍ ഒരു ബൂത്തിലെ വിവിപാറ്റ് യന്ത്രത്തിലെ സ്ലിപ്പുകള്‍ മാത്രമെ എണ്ണൂവെന്നായിരുന്നു നിലപാട്. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇത് അഞ്ചാക്കിയത്. 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകളും എണ്ണേണ്ടി വന്നാല്‍ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം അഞ്ചു ദിവസം വൈകുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഓരോ അസംബ്ലി മണ്ഡലത്തിലേയും അഞ്ച് ബൂത്തുകളില്‍ മാത്രം വിവപാറ്റ് എണ്ണുകയാണെങ്കില്‍ അത് മൊത്തം വിവിപാറ്റ് യന്ത്രങ്ങളുടെ രണ്ടു ശതമാനമെ വരുന്നുള്ളൂ. ഇത് 25 ശതമാനമെങ്കിലും ആക്കണമെന്ന് പ്രതിപക്ഷത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വി പറഞ്ഞു.