തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പു അവസാന ഘട്ടങ്ങളിലേക്ക് നീങ്ങവെ മൂന്നാം മുന്നണി നീക്കം സജീവമാക്കി തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു (കെസിആര്‍) ദക്ഷിണേന്ത്യന്‍ പര്യടനത്തില്‍. ബിജെപിയോടും കോണ്‍ഗ്രസിനോടും കൂട്ടുകൂടാത്ത പ്രാദേശിക പാര്‍്ട്ടി മുഖ്യമന്ത്രിമാരേയും നേതാക്കളേയും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ കെസിആര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മേയ് 23-ന് തെരഞ്ഞെടുപ്പു ഫലം പുറത്തു വരുന്നതോടെ 1996ലേതു പോലെ ഒരു മുന്നാം മുന്നണി ഫോര്‍മുല യാഥാര്‍ത്ഥ്യമാക്കാനാണു അദ്ദേഹത്തിന്റെ ശ്രമം. ഒരു വര്‍ഷമായി ഈ ശ്രമം നടത്തുന്ന കെസിആര്‍ കര്‍ണാടക മുഖ്യമന്ത്രി എച്.ഡി കുമാരസ്വാമിയേയും കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനെ മേയ് 13-ന് കാണുന്നുമുണ്ട്.
സൗഹൃദ സന്ദര്‍ശനമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കെസിആര്‍-പിണറായി കൂടിക്കാഴ്ചയില്‍ തെരഞ്ഞെടുപ്പു ഫലത്തിനു ശേഷമുള്ള രാഷ്ട്രീയം ചര്‍ച്ചയായെന്ന് റിപോര്‍ട്ടുണ്ട്. ബിജെപി, കോണ്‍ഗ്രസ് രഹിത സര്‍ക്കാരിന് സിപിഎമ്മിന്റെ പന്തുണ കെസിആര്‍ തേടി. എന്നാല്‍ ഇക്കാര്യം മേയ് 23-നു ശേഷം പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നാണ് പിണറായി മറുപടി നല്‍കിയത്.
കേന്ദ്രത്തില്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും ഇരുപാര്‍ട്ടികള്‍ക്കും കേവലഭൂരിപക്ഷം നേടാനാവില്ലെന്നുമാണ് കെസിആറിന്റെ കണക്കു കൂട്ടല്‍. ദക്ഷിണേന്ത്യയിലെ നേതാക്കളെ കണ്ട ശേഷം വടക്ക്, കിഴക്ക് സംസ്ഥാനങ്ങളിലേക്കും കെസിആര്‍ യാത്ര ചെയ്യും. ബിജെപിയുമായു കോണ്‍ഗ്രസുമായും പൊരുതുന്ന ബംഗാള്‍ മുഖ്യമന്ത്രി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായി നവീന്‍ പട്‌നായിക് എന്നിവരേയും കെസിആര്‍ കാണും.