ന്യൂദല്‍ഹി- ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണയം നടത്തുന്നത് തടയുന്ന നിയമം റദ്ദാക്കണമെന്ന് ഡോക്ടര്‍മാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). ഈ നിയമം കൊണ്ട് ലക്ഷ്യം നേടിയിട്ടില്ലെന്നും പകരം ഡോക്ടര്‍മാരെ പീഡിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുകയാണെന്നുമാണ് ഐ.എം.എയുടെ പരാതി. ഇക്കാര്യം സര്‍ക്കാരിനേയും എംപിമാരേയും ബോധ്യപ്പെടുത്തുമെന്നും ഇവര്‍ പറയുന്നു. 1994-ലെ ലിംഗ നിര്‍ണയ നിരോധന നിയമത്തിലെ ചില വകുപ്പുകളില്‍ ഭേതഗദി വരുത്തണമെന്ന് ഐഎംഎ മുന്‍കാലങ്ങളില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആദ്യമായാണ് ഈ നിയമം പൂര്‍ണമായും റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ 24 വര്‍ഷമായി ഈ നിയമം അതിന്റെ ലക്ഷ്യം കൈവരിക്കുന്നതില്‍ അമ്പെ പരാജയമാണ്. പ്രസവ ചികിത്സാ വിദഗ്ധരും റേഡിയോളജിസ്റ്റുകളുമായി ഡോക്ടര്‍മാര്‍ക്ക് അവസാനമില്ലാത്ത പീഡനം മാത്രമാണ് ഇതുകൊണ്ടുണ്ടായത്. രാജ്യത്ത് ലിംഗാനുപാതം പുനസ്ഥാപിക്കുന്നതില്‍ ഈ നിയമം വിജയം കണ്ടിട്ടില്ലെന്നും ഐ.എം.എ ദേശീയ പ്രസിഡന്റും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ സന്താനു സെന്‍ പറയുന്നു.
ഈ നിയമത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലം ഇതു നടപ്പിലാക്കുന്ന ചട്ടങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്നാണ് ഐഎംഎ വൃത്തങ്ങള്‍ പറയുന്നത്. ഗര്‍ഭ പരിശോധനകളുമായി ബന്ധപ്പെട്ട രേഖകളിലെ പിഴവുകള്‍ക്ക് പിഴയും തടവും ശിക്ഷ ലഭിക്കുമെന്ന ഭീഷണിയുമുണ്ട്- ഒരു ഐഎംഎ എക്‌സിക്യൂട്ടീവ് പറയുന്നു.
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തി പെണ്‍ഭ്രൂണഹത്യ നടത്തുന്നത് തടയുന്നതിനാണ് പ്രധാനമായും ഈ നിയമം കൊണ്ടുവന്നത്. പരിശോധന നടത്തുന്ന ഡോക്ടര്‍മാര്‍ ഈ രേഖകളും അള്‍ട്രാസൗണ്ട് സ്‌കാന്‍ റിപോര്‍ട്ടുകളും സൂക്ഷിക്കേണ്ടതുണ്ടെന്നും ഈ നിയമം അനുശാസിക്കുന്നു. ഈ വകുപ്പു എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഓബ്‌സ്‌റ്റെട്രീഷന്‍സ് ആന്റ് ഗൈനക്കോളജിസ്റ്റ്‌സ് നല്‍കിയ ഹരജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. രേഖകളിലെ പിഴവുകള്‍ക്ക് ഡോക്ടര്‍മാരെ ശിക്ഷിക്കരുതെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രേഖകള്‍ സൂക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കിയാല്‍ അത് പെണ്‍ഭ്രൂണഹത്യ നടത്തുന്നതിന് പ്രോത്സാഹനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.