കൊളംബോ- ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ 250 ലേറെ പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണം നടത്തിയവര്‍ പരിശീലനത്തിനായി ഉപയോഗിച്ച കെട്ടിടം കണ്ടെത്തി. ഇവിടെ പരിശീലനം നേടിയതിനുശേഷമാണ് ഒമ്പത് ചാവേറുകള്‍ ചര്‍ച്ചുകളിലും ഹോട്ടലുകളിലും ആക്രമണം നടത്തിയതെന്ന് അധികൃതര്‍ പറയുന്നു.
നുവാര എലിയ പ്രദേശത്തെ ബ്ലാക്ക്പൂളിലാണ് ചാവേറുകളുടെ പരിശീലനകേന്ദ്രമായി പ്രവര്‍ത്തിച്ച ഇരുനില കെട്ടിടം കണ്ടെത്തിയത്. സംശയിച്ച് പിടികൂടിയ ചിലരെ ചോദ്യം ചെയ്തപ്പോഴാണ് വിവരം കിട്ടിയതെന്നും ആക്രമണത്തിന് നാല് ദിവസം മുമ്പ് ഇവിടെ അവസാന പരിശീലനം നല്‍കിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
ചാവാര്‍ ആക്രമണത്തിന്റെ സൂത്രധാരനായിരുന്ന നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ) മേധാവി സഹ്‌റാന്‍ ഹാഷിമും ഇതില്‍ പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്‍.ടി.ജെയുടെ 38 അംഗങ്ങള്‍ക്ക് പരിശീലനം ലഭിച്ചുവെന്നും സംശയിക്കുന്നു. വാടകക്ക് കൊടുത്തിരുന്ന കെട്ടിടം ഉടമയെയും സൗകര്യങ്ങള്‍ ഒരുക്കിയ മറ്റു രണ്ടു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.