കൊച്ചി-ഏഴുവയസ്സുകാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് ഡോക്ടര്‍മാര്‍ പുറത്തെടുത്തു. കണ്ണൂര്‍ സ്വദേശിനിയായ കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്നാണ് ശസ്ത്രക്രിയ കൂടാതെ ബള്‍ബ് പുറത്തെടുത്തത്.
ബള്‍ബ് കുടുങ്ങിയതിനെ തുടര്‍ന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടിയെ ആദ്യം കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു, അവിടെ വെച്ച് ബള്‍ബ് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
കൂര്‍ത്ത അഗ്രം പുറത്തേക്ക് തിരിഞ്ഞ നിലയിലാണ് ബള്‍ബ് ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്നിരുന്നത്. രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവില്‍ പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോ.അഹമ്മദ് കബീറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം എല്‍ഇഡി ബള്‍ബ് പുറത്തെടുത്തു.
പീഡിയാട്രിക് സര്‍ജറി വിഭാഗം മേധാവി ഡോ. റെജു ജോസഫ് തോമസ്, അനസ്ത്യേഷ്യ വിഭാഗം ഡോ. സച്ചിന് ജോര്‍ജ്, ഡോ. ഐറിന് എന്നിവര്‍ ചികിത്സയില്‍ പങ്കാളികളായി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ശസ്ത്രക്രിയയ്ക്കായി ഡോ.ശിവ് കെ നായരുടെ നേതൃത്വത്തിലുള്ള തെറാസിക് സര്‍ജറി വിഭാഗവും സജ്ജമായിരുന്നു.