ന്യൂദല്‍ഹി- അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് രാജ്യത്തെ തകര്‍ക്കുകയും ജനങ്ങള്‍ക്ക് ക്ലേശം സമ്മാനിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പുറത്തേക്കുള്ള വഴി കാണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു.
ഇന്ത്യയിലെ ഒരോ ജനാധിപത്യ സ്ഥാപനത്തേയും തകര്‍ത്ത മോഡി യുവജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ദുരിതം മാത്രമാണ് നല്‍കിയതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആരോപിച്ചു.
മോഡിക്ക് അനുകൂലമായ തരംഗമില്ലെന്നും മോഡി സര്‍ക്കാരിനെ പുറന്തള്ളാനാണ് ജനങ്ങള്‍ തീരുമാനമെടുത്തതെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണ് നോട്ട് നിരോധം. കഴിഞ്ഞ അഞ്ച് വര്‍ഷവും അഴിമതിയുടെ ദുര്‍ഗന്ധമായിരുന്നു രാജ്യത്ത്. ചിന്തിക്കാന്‍ പോലും പറ്റാത്ത നിലയിലാണ് അഴിമതി വര്‍ധിച്ചത്. ക്ഷണിക്കാതെ പാക്കിസ്ഥാനിലേക്ക് പോയ മോഡി അവിടെ നിന്ന് ഐ.എസ്.ഐക്കാരെ ഭീകരാക്രമണ അന്വേഷണത്തിനെന്ന പേരില്‍ പഠാന്‍കോട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി. മോഡിയുടെ പാക്കിസ്ഥാന്‍ നയം സമ്പൂര്‍ണ പരാജയമായിരുന്നു.
തെരഞ്ഞെടുപ്പില്‍ വിഷയമാക്കിയ ദേശീയതയോടും ഭീകരത വിരുദ്ധ നിലപാടിനോടും ബി.ജെ.പിക്കും മോഡിക്കും യാതൊരു പ്രതിബദ്ധതയുമില്ലെന്ന് മുന്‍ പ്രധാനമന്ത്രി പറഞ്ഞു.
40 സി.ആര്‍.പി.എഫ് ഭടന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാകാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റി വിളിച്ച് ചേര്‍ക്കാതെ മോഡി ജിം കോര്‍ബറ്റ് ദേശീയ പാര്‍ക്കില്‍ സ്വന്തം സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്തതിനെയും മന്‍മോഹന്‍ കുറ്റപ്പെടുത്തി. ദേശീയ സുരക്ഷയില്‍ മോഡി സര്‍ക്കാരിന്റെ പരാജയവും അലംഭാവവും ആണ് ഇതില്‍ നിന്ന് വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മോഡി സര്‍ക്കാരിന്റെ കാലത്താണ് ഭീകരാക്രമണങ്ങളും സുരക്ഷാ വീഴ്ചകളും ഏറെയുണ്ടായിരിക്കുന്നതെന്നും മന്‍മോഹന്‍ പറഞ്ഞു.