ന്യൂദല്‍ഹി- വിദ്വേഷപരവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിഴയായി ലഭിച്ച പ്രചാരണ വിലക്ക് മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബിജെപി ഭോപാല്‍ സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞ ഠാക്കൂര്‍ ലംഘിച്ചു. മൂന്നു ദിവസത്തേക്ക് പ്രചാരണ രംഗത്ത് തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കിയിരുന്നെങ്കിലും ഇതു വകവയ്ക്കാതെ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കമ്മീഷന്‍ പ്രജ്ഞയ്ക്ക് നോട്ടീസ് അയച്ചു. ബാബരി മസ്ജിദ് തകര്‍ക്കാനായി അതിന്റെ താഴികക്കുടത്തിനു മുകളില്‍ കയറുകയും അതു തകര്‍ക്കുകയും ചെയ്‌തെന്നും അതില്‍ അഭിമാനിക്കുന്നുവെന്നുമുള്ള പ്രജ്ഞയുടെ പരാമര്‍ശം തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വ്യാഴാവ്ച രാവിലെ ആറു മണി മുതല്‍ 72 മണിക്കൂര്‍ നേരത്തേക്കാണ് ഇവരെ കമ്മീഷന്‍ വിലക്കിയത്. എന്നാല്‍ ഈ സമയത്തും പ്രജ്ഞ തെരഞ്ഞെടുപ്പു പ്രചാരണം തുടര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്മീഷനു പരാതി ലഭിച്ചു. വിലക്ക് ലംഘിച്ചതില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് കമ്മീഷന്‍ നോട്ടീസയച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.