Sorry, you need to enable JavaScript to visit this website.

'തന്തയ്ക്കു വിളിച്ച' മോഡിക്ക് രാഹുലിന്റേയും പ്രിയങ്കയുടേയും ചുട്ട മറുപടി ഇങ്ങനെ

ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോഡി സര്‍ക്കാരിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അധിക്ഷേപിച്ചതിന് മറുപടിയുമായി മക്കളായ രാഹുലും പ്രിയങ്കയും. രാഹുലിന്റെ കുറിക്കുകൊള്ളുന്ന മറുപടി സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 'മോഡി ജി, പോരാട്ടം അവസാനിച്ചിരിക്കുന്നു. ഇനി താങ്കളെ കാത്തിരിക്കുന്നത് കര്‍മഫലമാണ്. താങ്കളുടെ ഉള്ളിലുള്ളത് എന്റെ എന്റെ പിതാവിനുമേൽ ആരോപിച്ചതു കൊണ്ടും രക്ഷപ്പെടാന്‍ പോകുന്നില്ല. എന്റെ സ്‌നേഹം ആശംസിക്കുന്നു, വലിയൊരു ആലിംഗനവും- രാഹുല്‍' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. 

രാഹുലിന്റെ സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും മോഡിയുടെ രാജീവിനെതിരായ പരാമര്‍ശനത്തോട് പ്രതികരിച്ചു. രക്തസാക്ഷികളുടെ പേരില്‍ വോട്ടു ചോദിച്ച് അവരുടെ രക്ഷതസാക്ഷിത്വത്തെ അപമാനിച്ച പ്രധാനമന്ത്രി ഒരു നല്ല മനുഷ്യന്റെ രക്തസാക്ഷിത്വത്തേയും അവഹേളിച്ചിരിക്കുന്നു. രാജീവ് ഗാന്ധി ജീവന്‍ നല്‍കിയ അമേഠിയിലെ ജനങ്ങള്‍ ഇതിനു മറുപടി നല്‍കും. ഈ രാജ്യം വഞ്ചകര്‍ക്ക് ഒരിക്കലും മാപ്പു നല്‍കില്ലെന്നും പ്രിയങ്ക പ്രതികരിച്ചു. 

കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും മോഡിയുടെ പരാമര്‍ശത്തെ ശക്തമായി അപലപിച്ചു. 1991ല്‍ മരിച്ച ഒരു മനുഷ്യനെ അപകീര്‍ത്തിപ്പെടുത്താന്‍ മോഡി മാന്യതയുടെ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്ന് ചിദംബരം പറഞ്ഞു. രാജീവ് ഗാന്ധിക്കെതിരായ ആരോപണങ്ങള്‍ ദല്‍ഹി ഹൈക്കോടതി അടിസ്ഥാനരഹിതമെന്നു കണ്ടെത്തി തള്ളിക്കളഞ്ഞത് മോഡി വായിച്ചിട്ടില്ലെ? ഈ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന് ബിജെപി സര്‍ക്കാര്‍ തീരുമാനമെടുത്തതിനെ കുറിച്ചും മോഡിക്ക് അറിയില്ലെ?- ചിദംബരം ചോദിച്ചു.

ബോഫോഴ്‌സ് ഇടപാടിലെ അഴിമതിയെ സൂചിപ്പിച്ചാണ് മോഡി രാജീവ് ഗാന്ധിക്കെതിരെ കഴിഞ്ഞ ദിവസം വിവാദ പരാമര്‍ശം നടത്തിയത്. ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടായിരുന്നു താങ്കളുടെ പിതാവിന്റെ മരണം എന്നായിരുന്നു രാഹുലിനെ ലാക്കാക്കി മോഡി പ്രസംഗിച്ചത്.

Latest News