ന്യൂദല്‍ഹി- ശ്രീലങ്കയില്‍ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരര്‍ കശ്മീര്‍, കേരളം, ബെംഗളുരു എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്ന ലങ്കന്‍ സൈനിക മേധാവിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധനകള്‍ തുടങ്ങി. കഴിഞ്ഞ നാലു മാസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ച ശ്രീലങ്കക്കാരുടെ വിവരങ്ങളും അവര്‍ ബന്ധപ്പെട്ടവരെ കുറിച്ചുമാണ് രഹസ്യാന്വേഷണം നടക്കുന്നത്. കശ്മീരിലെത്തിയ ശ്രീലങ്കക്കാരെ കുറിച്ചാണ് കാര്യമായ അന്വേഷണം. ശ്രീലങ്കന്‍ ഏജന്‍സികല്‍ പറഞ്ഞത് പരിശോധിച്ചുവരികയാണെന്നും എന്നാല്‍ ഇതുവരെ ഔദ്യോഗികമായി ഒരു വിവരവും കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇതുവരെ 15,000 വിദേശ ടൂറിസ്റ്റുകളാണ് കശ്മീര്‍ സന്ദര്‍ശിച്ചത്. ഇവരില്‍ ഭൂരിഭാഗവും മലേഷ്യയില്‍ നിന്നും തായ്‌ലാന്‍ഡില്‍ നിന്നുമുള്ളവരാണ്. 20 ശ്രീലങ്കക്കാര്‍ മാത്രമെ നാലു മാസത്തിനിടെ കശ്മീരിലെത്തിയിട്ടുള്ളൂ. ഇവര്‍ രജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റുകളായിരുന്നു. എങ്കിലും പശ്ചാത്തല പരിശോധനകള്‍ നടത്തി വരികയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.