റിയാദ് - ഈ മാസവും അടുത്ത മാസവും സൗദി അറേബ്യ എണ്ണയുൽപാദനം ഉയർത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഒരു കോടി ബാരലായാണ് ഉൽപാദനം വർധിപ്പിക്കുക. അധികമായി ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ വൈദ്യുതി ഉൽപാദനത്തിനാകും പ്രയോജനപ്പെടുത്തുക. ഒപെക്കും സംഘടനക്ക് പുറത്തുള്ള റഷ്യ അടക്കമുള്ള സഖ്യരാജ്യങ്ങളും ഉൽപാദനം കുറക്കുന്നതിന് നേരത്തെയുണ്ടാക്കിയ കരാറിന്റെ ഭാഗമായ ക്വാട്ടയുടെ പരിധിയിൽ നിന്നാകും സൗദി അറേബ്യ ഉൽപാദനം ഉയർത്തുക.
ഒപെക്കും സംഘടനക്ക് പുറത്തുള്ള സഖ്യരാജ്യങ്ങളും നേരത്തെയുണ്ടാക്കിയ കരാർ പ്രകാരം സൗദി അറേബ്യയുടെ പ്രതിദിന ഉൽപാദന ക്വാട്ട 10.3 ദശലക്ഷം ബാരലാണ്. ഈ മാസവും അടുത്ത മാസവും സൗദി അറേബ്യ ഉൽപാദനം വർധിപ്പിച്ചാലും ഈ ക്വാട്ടയുടെ നിലവാരത്തിലേക്ക് ഉൽപാദനം ഉയരില്ല.
ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയും ചൈനയും അടക്കം എട്ടു രാജ്യങ്ങൾക്ക് നേരത്തെ നൽകിയ ഇളവ് അവസാനിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ എണ്ണ വിപണിയിലെത്തിക്കുന്നതിന് അമേരിക്ക നടത്തുന്ന ശ്രമങ്ങളുമായി ഈ മാസം ഉൽപാദനത്തിൽ സൗദി അറേബ്യ വരുത്തുന്ന വർധനവിന് ബന്ധമില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.