റിയാദ് - ഞായറാഴ്ച വൈകീട്ട് സുപ്രീം കോടതി സമ്മേളിച്ച് റമദാൻ മാസപ്പിറവിയുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സൗദിയിൽ സാധാരണ മാസപ്പിറവി ദർശിക്കാറുള്ള ഹോത്ത സുദൈർ, ശഖ്‌റാ, അൽഖസീം, തുമൈർ എന്നിവിടങ്ങളിലൊന്നും ശനിയാഴ്ച വൈകീട്ട് മാസപ്പിറവി കണ്ടിട്ടില്ല.
ഉമ്മുൽ ഖുറാ കലണ്ടർ അനുസരിച്ച് ഈ വർഷം റജബ് 30 ഉണ്ടായിരുന്നില്ല. അഥവാ ശഅബാൻ മാസാരംഭം ഏപ്രിൽ ആറിനാണ് കലണ്ടർ അനുസരിച്ച് നിശ്ചയിച്ചിരുന്നത്. എന്നാൽ ഏപ്രിൽ അഞ്ചിന് റജബ് 29 ന് വൈകീട്ട് സൗദിയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും കാർമേഘം മൂടിക്കെട്ടിനിന്നതിനാൽ മാസപ്പിറവി ദൃശ്യമായിരുന്നില്ലെന്ന് മാസപ്പിറവി നിരീക്ഷിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റികൾ രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതോടെ മാസപ്പിറവി പ്രകാരം സൗദിയിൽ ഏപ്രിൽ ഏഴിനും ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഏപ്രിൽ ആറിനുമായിരുന്നു ശഅബാൻ മാസാരംഭം.
ഇക്കാര്യം കണക്കിലെടുത്ത് ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ശഅ്ബാൻ 29 ശനിയാഴ്ച വൈകീട്ട് എല്ലാ പ്രവിശ്യകളിലുമുള്ള മുസ്‌ലിംകൾ നഗ്‌നനേത്രങ്ങൾ കൊണ്ടോ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചോ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ശഅ്ബാൻ 30 ന് ഞായറാഴ്ച (മാസപ്പിറവി അനുസരിച്ച് ശഅബാൻ 29) വൈകീട്ടും മാസപ്പിറവി നിരീക്ഷിക്കേണ്ടതുണ്ട്. ഞായറാഴ്ച വൈകീട്ട് പ്രത്യേക യോഗം ചേർന്നാണ് റമദാൻ മാസാരംഭം പ്രഖ്യാപിക്കുകയെന്ന് സുപ്രിം കോടതി വാർത്താ കുറിപ്പിൽ അറിയിച്ചു.