കണ്ണൂർ - കള്ളവോട്ടിന്റെ പേരിൽ വ്യാജ ആരോപണങ്ങളും ദൃശ്യങ്ങളും ചമച്ച് ലീഗ് പ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കാനാണ് ശ്രമമെങ്കിൽ അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പിനുശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജില്ലയിലെ ഏതാനും ബൂത്തുകളിൽ മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ടു ചെയ്തുവെന്ന് ആരോപിച്ച് സി.പി.എം ദുഷ്പ്രചാരണങ്ങൾ അഴിച്ചുവിടുകയാണ്. പാമ്പുരുത്തി, പുതിയങ്ങാടി എന്നീ പോളിംഗ് സ്റ്റേഷനുകളിലെ ദൃശ്യങ്ങൾ എന്ന പേരിലാണ് ചില വീഡിയോകൾ പുറത്തു വിട്ടിട്ടുള്ളത്. ഇതിൽ പലതും കൃത്രിമം ചമച്ച് പാർട്ടി ഓഫീസുകളിൽനിന്നും എഡിറ്റു ചെയ്തുണ്ടാക്കിയതാണെന്ന് ഇതേ ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്. അഥവാ ഇത് യാഥാർഥ്യമാണെങ്കിൽ വരണാധികാരിയായ ജില്ലാ കലക്ടറിൽനിന്നും ഇവ സി.പി.എമ്മിനു എങ്ങിനെ ലഭിച്ചു എന്നു കൂടി വ്യക്തമാക്കേണ്ടതുണ്ട്.
മുസ്ലിം ലീഗ് ഒരിക്കലും കള്ളവോട്ടിനു ആഹ്വാനം ചെയ്യുകയോ ഇതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട പാർട്ടി പ്രവർത്തകരോ, നേതാക്കളോ ഇത്തരം കേസുകളിൽ കുറ്റവാളികളാണെന്ന് തെളിയിക്കപ്പെട്ടാൽ അവർക്കെതിരെ സംഘടനാ തലത്തിൽ നടപടിയെടുക്കാൻ പാർട്ടിക്ക് യാതൊരു മടിയുമില്ലെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ. അബ്ദുൽ ഖാദർ മൗലവി, ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരിം ചേലേരി, വി.പി.വമ്പൻ, അഡ്വ.എസ്.മുഹമ്മദ്, ടി.എ.തങ്ങൾ, കെ.വി.മുഹമ്മദലി ഹാജി, കെ.ടി.സഹദുല്ല, അഡ്വ.കെ.എ.ലത്തീഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, എം.പി.എ.റഹിം തുടങ്ങിയവർ സംബന്ധിച്ചു.