ജയ്പൂര്‍- ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ മുഴുവന്‍ സീറ്റുകളും കോണ്‍ഗ്രസ് കരസ്ഥമാക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. രാജസ്ഥാനില്‍ കൊണ്‍ഗ്രസിന് അനുകൂലമായ തരംഗമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ 25 സീറ്റുകളും നേടുകയെന്ന ദൗത്യം പൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്മയും കര്‍ഷക ദുരിതവും അടക്കമുള്ള സുപ്രധാന വിഷയങ്ങളെ കുറിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് കാലത്ത് മിണ്ടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രകടനത്തിന്റെ പ്രോഗ്രസ് കാര്‍ഡ് ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാനാണിതെന്ന് അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
നിക്ഷേപം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, തൊഴില്‍ എന്നിവയില്‍ ഊന്നിക്കൊണ്ടുള്ള പോസിറ്റീവായ തെരഞ്ഞെടുപ്പ് പ്രചരണമാണ് കോണ്‍ഗ്രസ് നടത്തിയത്. അതേസമയം സുപ്രധാന പ്രശ്‌നങ്ങളെ കുറിച്ച് ഒരു വാക്ക് പോലും ബി.ജെ.പി മിണ്ടിയില്ല. കര്‍ഷകരുടെ പ്രശ്‌നത്തെ കുറിച്ചോ തൊഴിലിനെ കുറിച്ചോ പ്രധാനമന്ത്രി നരേന്ദ്രമോഡിയോ ബി.ജെ.പിയോ പരാമര്‍ശിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എത്ര സര്‍വകലാശാലകളും വിമാനത്താവളങ്ങളും ആശുപത്രികളും തുറന്നിട്ടുണ്ടെന്നോ പദ്ധതികള്‍ എത്രത്തോളം വിജയപ്രദമായെന്നോ ബി.ജെ.പി ജനങ്ങളോട് പറയാന്‍ തയാറായിട്ടില്ല. പാചകവാതക വില സിലിണ്ടറിന് 1000രൂപയിലേക്ക് കുതിച്ചുയര്‍ന്നു. പെട്രോള്‍, ഡീസല്‍ വിലയിലും വര്‍ധനവുണ്ടായി. ഇക്കാര്യങ്ങള്‍ പറയുന്നതിന് പകരം യു.പി.എ സര്‍ക്കാറിനും സോണിയ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനുമെതിരെ ആരോപണമുന്നയിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് സചിന്‍ പൈലറ്റ് പറഞ്ഞു.