അമേത്തി- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ എതിര്‍ സ്ഥാനാര്‍ഥികളില്‍ സരിതാ എസ് നായരും. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സരിതക്ക് പച്ചമുളക് ചിഹ്നമാണ് അനുവദിച്ചത്.
തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലെ വീട്ടുവിലാസത്തിലാണ് സരിത പത്രിക സമര്‍പ്പിച്ചത്. നേരത്തെ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും ഹൈബി ഈഡന്‍ മത്സരിക്കുന്ന എറണാകുളത്തും സരിത നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നുവെങ്കിലും കേസുമായി ബന്ധപ്പെട്ട വിശദരേഖകള്‍ ഹാജരാക്കാത്തതിനാല്‍ തള്ളിയിരുന്നു.
നാമനിര്‍ദേശ ശപത്രിക തള്ളിയതിനെതിരെ സരിത ഹൈക്കോടതിയില്‍ രണ്ട് ഹരജികള്‍ സമര്‍പ്പിച്ചെങ്കിലും അവയും നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു.
2014ല്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് ബി.ജെ.പിയിലെ സ്മൃതി ഇറാനിയെ രാഹുല്‍ ഗാന്ധി പരാജയപ്പെടുത്തിയത്. സ്മൃതി ഇറാനിയാണ് ഇത്തവണയും ബി.ജെ.പിയുടെ സ്ഥാനാര്‍ഥി.