Sorry, you need to enable JavaScript to visit this website.

പുറത്തായ രേഖകളുടെ അടിസ്ഥാനത്തില്‍ റഫേല്‍ വിധി പുനപ്പരിശോധിക്കേണ്ടെന്ന് കേന്ദ്രം വീണ്ടും

ന്യൂദല്‍ഹി- ഫ്രാന്‍സില്‍ നിന്നും 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ശരിവച്ച സുപ്രീം കോടതിയുടെ 2018 ഡിസംബര്‍ 14ലെ വിധി പുനപ്പരിശോധിക്കേണ്ട എന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. സ്ഥിരീകരണമില്ലാത്ത മാധ്യമ റിപോര്‍ട്ടുകളും അപൂര്‍ണ ഫയല്‍ നോട്ടുകളും കണക്കിലെടുക്കേണ്ടതില്ലെന്നും ഇവയുടെ അടിസ്ഥാനത്തില്‍ വിധി പുനപ്പരിശോധിക്കേണ്ടതില്ല എന്നുമാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ കേന്ദ്ര സര്‍ക്കാരിനെ സംശയത്തിലാക്കിയിരുന്നു. 

റഫാല്‍ ചര്‍ച്ചകല്‍ പുരോഗമിക്കുന്നതിനിടെ പ്രധാനമന്ത്രി നേരേന്ദ്ര മോഡിയുടെ ഒഫീസ് സമാന്തര ചര്‍ച്ച നടത്തിയെന്നും ഇത് സര്‍ക്കാരിന്റെ ഔദ്യോഗിക ചര്‍ച്ചകളെ ബാധിച്ചെന്നും വ്യക്തമാക്കുന്ന സര്‍ക്കാരിന്റെ രേഖകളാണ് പുറത്തു വന്നിരുന്നത്. ഇവയുടെ അടിസ്ഥാനത്തില്‍ 2018ല്‍ സര്‍ക്കാരിനു ക്ലീന്‍ ചിറ്റ് നല്‍കിയ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളുമായിരുന്ന യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും കോടതിയെ സമീപിക്കുകയായിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്. ഇതു പരിഗണിക്കവെ കഴിഞ്ഞ മാസം കോടതി കേന്ദ്രത്തിന്റെ വാദങ്ങളെ തള്ളിയിരുന്നു. 

പ്രധാനമന്ത്രിയുടെ ഓഫീസ് റഫാല്‍ കരാറിന്റെ പുരോഗതി നിരീക്ഷിച്ചത് സമാന്തര ചര്‍ച്ചയായും ഇടപെടലായും പരിഗണിക്കാനാവില്ലെന്നും പുതിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം പറഞ്ഞു. വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടുന്ന ഹരജിക്കാരുടെ തെളിവുകള്‍ നിയമ പ്രകാരം തെളിവായി പരിഗണിക്കാനാവില്ലെന്നും ഹരജി തള്ളണമെന്നും കേന്ദ്രം കോടതിയില്‍ വാദിക്കുന്നു. ഈ ഹരജിയില്‍ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ വാദം കേള്‍ക്കാനിരിക്കെയാണ് സര്‍ക്കാര്‍ ശനിയാഴ്ച കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
 

Latest News