ന്യൂദല്‍ഹി- ബിഹാറിലെ മുസഫര്‍പൂരില്‍ അഭയകേന്ദ്രത്തില്‍ അന്തേവാസികളായ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐയുടെ ഞെ്ട്ടിക്കുന്ന വെളിപ്പെടുത്തല്‍. അഭയം കേന്ദ്രം നടത്തിപ്പുകാരനും പ്രമാദമായ കേസിലെ മുഖ്യപ്രതിയുമായ ബ്രജേഷ് ഠാക്കൂറും സഹായികളും ചേര്‍ന്നാണ് 11 പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതെന്ന സുപ്രീം കോടതിയില്‍ സിബിഐ വെളിപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ഒരു ശ്മശാനത്തില്‍ നിന്നും ഒരു കെട്ട് അസ്ഥികള്‍ ലഭിച്ചെന്നു അന്വേഷണം നടത്തുന്ന സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതികളില്‍ ഒരാള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് ശ്മശാനത്തിലെ പ്രത്യേക ഇടത്ത് കുഴിച്ച് പരിശോധന നടത്തിയത്. ഇവിടെ നന്നാണ് അസ്ഥികളുടെ ഭാണ്ഡം ലഭിച്ചത്.
ഒരു സന്നദ്ധ സംഘടനയുടെ പേരില്‍ നടന്നുവരികയായിരുന്ന മുസഫര്‍പൂരിലെ അഭയകേന്ദ്രത്തില്‍ നിരവധി പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനും ക്രൂരമര്‍ദനങ്ങള്‍ക്കും ഇരായയതായി ടാറ്റ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ പഠനത്തിലൂടെയാണ് പുറത്തു വന്നത്. കേസ് വലിയ വിവാദമായതോടെ അന്വേഷണം സിബിഐക്കു കൈമാറുകയായിരുന്നു. ബ്രജേഷ് ഠാക്കൂര്‍ ഉല്‍പ്പെടെ പ്രതികളായ 21 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പിച്ചു.
പീഡനത്തിനിരയായി എന്ന ഇരകളുടെ വെളിപ്പെടുത്തലിനെ തൊട്ടുപിന്നാലെ ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടെന്നും സിബിഐ പറഞ്ഞു. കൊല്ലപ്പെട്ട 11 പെണ്‍കുട്ടികളെ സംബന്ധിച്ച അന്വേഷണത്തിനിടെ സമാന പേരുകളിലുള്ള 35 പെണ്‍കുട്ടികള്‍ അഭയ കേന്ദ്രത്തില്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. അന്തേവാസികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി മൃതദേഹം കുഴിച്ചുമൂടി ഇടങ്ങളെല്ലാം കണ്ടെത്തി പരിശോധന നടത്തിയത്. കേസില്‍ തുടരന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചു. പുറത്തു നിന്നുവരും പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണം അന്വേഷിക്കുകയും ഇതില്‍ പങ്കുള്ളവരെ പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കിയിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി.
കേസില്‍ അന്വേഷണം വേണ്ടരീതിയില്‍ നടക്കുന്നില്ലെന്നു പരാതിപ്പെട്ട് സമര്‍പിച്ച ഹരജിയെ തുടര്‍ന്നാണ് സിബിഐ കോടതിയില്‍ മറുപടി നല്‍കിയത്. ഈ ഹരജിയില്‍ സിബിഐക്ക് ഒരു നോട്ടീസ് കൂടി അയക്കുമെന്നും നാലാഴ്ച്ചക്കകം മറുപടി നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു.