Sorry, you need to enable JavaScript to visit this website.

 മോഡിക്ക് ക്ലീൻ ചിറ്റ്; തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത

ന്യൂദൽഹി- തെരഞ്ഞെടുപ്പു ചട്ടലംഘനം നടത്തിയെന്ന പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു ക്ലീൻ ചിറ്റ് നൽകിയതിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനുള്ളിൽ തന്നെ അഭിപ്രായ ഭിന്നതയും വിയോജിപ്പും. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി മോഡി നടത്തിയ രണ്ട് പ്രസംഗങ്ങളിന്മേലായിരുന്നു പരാതികൾ. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തെക്കുറിച്ചുള്ള പരാമർശത്തിലും സൈന്യത്തിന്റെ പേരിൽ വോട്ട് ചോദിച്ചു കൊണ്ടുള്ള പ്രസംഗത്തിനുമെതിരേ ആയിരുന്നു പരാതികൾ. 
മോഡിയുടെ ഈ പ്രസംഗങ്ങൾ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ഒരു തെരഞ്ഞെടുപ്പു കമ്മീഷണർ നിലപാട് എടുത്തു എന്നാണ് റിപ്പോർട്ട്. എന്നാൽ, മറ്റ് രണ്ട് അംഗങ്ങൾ മോഡിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനാൽ ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. 
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ, തെരഞ്ഞെടുപ്പു കമ്മീഷണർമാരായ അശോക് ലവാസ, സുശീൽ ചന്ദ്ര എന്നിവരാണുള്ളത്. മോഡി പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന പരാതിയിൽ കമ്മീഷൻ സ്വീകരിച്ച നടപടിക്രമങ്ങളിലുമാണ് അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായത്. 
1991ലെ തെരഞ്ഞെടുപ്പു കമ്മീഷൻ നിയമത്തിലെ പത്താമത്തെ വ്യവസ്ഥ അനുസരിച്ച് തീരുമാനങ്ങൾ ഏകകണ്‌ഠേന ആയിരിക്കണമെന്നാണ്. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനുകൾക്കും ഈ വ്യവസ്ഥ ബാധകമാണ്. അതായത്, മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറും മറ്റു കമ്മീഷണർമാരും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായാൽ ഭൂരിപക്ഷ നിലപാടാണ് തീരുമാനമായി മാറേണ്ടത്. എന്നാൽ, വളരെ അപൂർവമായി മാത്രമേ ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകുന്നതും ഭൂരിപക്ഷ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുന്നതുമായ സാഹചര്യങ്ങൾ ഉണ്ടാകാറുള്ളൂ. 
2009ൽ ഒരു വിദേശ പുരസ്‌കാരം സ്വീകരിച്ചതിന്റെ പേരിൽ അന്നു കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കണോ എന്ന വിഷയത്തിൽ തെരഞ്ഞെടുപ്പു കമ്മീഷനിൽ ഭിന്നാഭിപ്രായം ഉണ്ടായപ്പോൾ വിഷയം രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുകയാണ് ചെയ്തത്. എൻ. ഗോപാല സ്വാമി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്നപ്പോൾ അന്ന് എസ്.വൈ ഖുറേഷി, നവീൻ ചാവ്‌ല എന്നിവരായിരുന്നു മറ്റു തെരഞ്ഞെടുപ്പു കമ്മീഷണർമാർ. ബെൽജിയത്തിലെ പരമോന്നത സിവിലിയൻ ബഹുമതി സോണിയ വാങ്ങിയെന്ന വിഷയത്തിൽ പുനരന്വേഷണം വേണമെന്നായിരുന്നു ഗോപാലസ്വാമിയുടെ നിലപാട്. എന്നാൽ, ഖുറേഷിയും ചാവ്‌ലയും ഇതിനെ എതിർക്കുകയും പുനരന്വേഷണമോ നടപടികളോ ആവശ്യമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു. പിന്നീട് തീരുമാനം രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു. 
മഹാരാഷ്ട്രയിലെ വാർധയിലാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തെക്കുറിച്ച് മോഡി വിമർശിച്ചത്. ഭൂരിപക്ഷ സമുദായത്തെ ഭയന്ന് ന്യൂനപക്ഷങ്ങൾക്കു മേൽക്കൈ ഉള്ള മണ്ഡലത്തിൽ അഭയം തേടി എന്നതായിരുന്നു പ്രസംഗം. പിന്നീട് മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടത്തിയ പ്രസംഗത്തിനിടെയാണ് കന്നിവോട്ടർമാർ ധീരജവാൻമാർക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തത്. ഈ പ്രസംഗങ്ങൾക്കെതിരായ പരാതികൾ പരിഗണിച്ചപ്പോൾ മൂന്നംഗ കമ്മീഷനിലെ ഒരംഗം മോഡിക്ക് ക്ലീൻ ചിറ്റ് നൽകുന്നതിനോട് പൂർണമായും വിയോജിക്കുകയായിരുന്നു. അതേസമയം, ആണവായുധം ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ലെന്ന മോഡിയുടെ പരാമർശം തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടത്തിന്റെ ലംഘനമല്ലെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ ഏകകണ്‌ഠേന തീരുമാനം എടുക്കുകയും ചെയ്തു. 
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്കും എതിരായ പരാതികളിൽ അടിയന്തരമായി തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരേ കോൺഗ്രസ് നൽകിയ ഒമ്പതു കേസുകളിൽ തീരുമാനം എടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. കേസ് തിങ്കളാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
 

Latest News