Sorry, you need to enable JavaScript to visit this website.

വധശിക്ഷ ഒഴിവാക്കാന്‍ നല്‍കിയത് 228 കോടി രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ ദിയ

ഹിദായ അൽസാലിം

കുവൈത്ത് സിറ്റി- ചരിത്രത്തിലെ ഏറ്റവും വലിയ ദിയാധനം കൈമാറി മുൻ കുവൈത്തി സുരക്ഷാ ഭടന്റെ മോചനം സാധ്യമാക്കി. ദിയാധനമായി ഒരു കോടി കുവൈത്തി ദീനാറാ(228 കോടി ഇന്ത്യൻ രൂപ)ണ് കൊല്ലപ്പെട്ട കുവൈത്തി മാധ്യമപ്രവർത്തക ഹിദായ സുൽത്താൻ അൽസാലിമിന്റെ കുടുംബത്തിന് അൽഅവാസിം ഗോത്രം കൈമാറിയത്. മുൻ സുരക്ഷാ ഭടൻ ഖാലിദ് നഖാ അൽആസിമിയുടെ മോചനം സാധ്യമാക്കാൻ ആവശ്യമായ ദിയാധനം സ്വരൂപിക്കാൻ അൽഅവാസിം ഗോത്രം വ്യാപകമായ കാമ്പയിൻ നടത്തിയിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ ദിയാധനം സ്വരൂപിക്കാൻ ഗോത്രത്തിന് സാധിച്ചു. 


പതിനെട്ടു വർഷം മുമ്പ് 2001 ആദ്യത്തിലാണ് കേസിനാസ്പദമായ സംഭവം. അൽമജാലിസ് മാസിക എഡിറ്റർ ഇൻ ചീഫ് ആയി സേവനമനുഷ്ഠിച്ചിരുന്ന പ്രശസ്ത മാധ്യമപ്രവർത്തക ഹിദായ അൽസാലിം എഴുതിയ ഒരു ലേഖനത്തിൽ അൽഅവാസിം ഗോത്രത്തിലെ വനിതകളെ കുറിച്ച് നടത്തിയ പരാമർശം ഗോത്രക്കാരുടെ കടുത്ത രോഷത്തിന് ഇടയാക്കുകയായിരുന്നു. ഇത് കുവൈത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. വനിതാവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന ഹിദായ അൽസാലിം അഴിമതിക്കെതിരെയും ശക്തമായ പോരാട്ടം നടത്തിയിരുന്നു. 


ലേഖനത്തിൽ രോഷം പൂണ്ട ഖാലിദ് നഖാ അൽആസിമി ഹിദായ അൽസാലിമിനെ വെടിവെച്ചു കൊന്നു. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ഹിദായ അൽസാലിം കൊല്ലപ്പെട്ടത്. കൃത്യത്തിനുശേഷം പ്രതി രക്ഷപ്പെട്ടതിനാൽ കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് തുടക്കത്തിൽ അവ്യക്തതയുണ്ടായിരുന്നു. അഴിമതി വിരുദ്ധ ലേഖനങ്ങളും റിപ്പോർട്ടുകളും പ്രസിദ്ധീകരിച്ചിരുന്നതിനാൽ രാഷ്ട്രീയ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആദ്യം ധരിച്ചിരുന്നത്. ഹിദായ അൽസാലിമിന്റെ വധം കുവൈത്തിനെ പിടിച്ചുകുലുക്കി. 
കേസിന് തുമ്പുണ്ടാക്കാൻ കുവൈത്ത് സുരക്ഷാ വകുപ്പുകൾ ഈജിപ്ഷ്യൻ അന്വേഷണോദ്യോഗസ്ഥന്റെ സഹായം തേടി. കൊലപാതകത്തിന് ഉപയോഗിച്ച വെടിയുണ്ട സുരക്ഷാ ഭടന്മാർ ഉപയോഗിക്കുന്ന ഇനത്തിൽപെട്ടതാണെന്നും സുരക്ഷാ സൈനികർ ഒഴികെ മറ്റാർക്കും ഈയിനം വെടിയുണ്ടകൾ വിതരണം ചെയ്യാറില്ലെന്നും ഈജിപ്ഷ്യൻ ഉദ്യോഗസ്ഥൻ കണ്ടെത്തി. ഈ കച്ചിത്തുരുമ്പിൽ പിടിച്ചാണ് പ്രതിയെ കുവൈത്ത് സുരക്ഷാ വകുപ്പുകൾ തിരിച്ചറിഞ്ഞത്. കേസിൽ വിചാരണ പൂർത്തിയാക്കിയ കോടതി ഖാലിദ് നഖാ അൽആസിമിയെ തൂക്കിക്കൊല്ലാൻ വിധിച്ചു. ഇത് അപ്പീൽ കോടതിയും ശരിവെച്ചു. പിന്നീട് പരമോന്നത കോടതി വധശിക്ഷ, ജീവപര്യന്തം തടവായി ഇളവ് ചെയ്യുകയായിരുന്നു. 
 

Latest News