പുരി- ഒഡീഷ അടക്കമുള്ള സംസ്ഥാനങ്ങളെ ഭീതിയിലാഴ്ത്തി ഫോനി ചുഴലിക്കാറ്റ് വീശിയടിച്ചു. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ശക്തമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഭുവനേശ്വറിനും കട്ടക്കിനും ഇടയിൽ എത്തിയ ചുഴലിക്കാറ്റ് മണിക്കൂറിൽ 185 കിലോമീറ്ററിൽനിന്ന് 130 കിലോമീറ്ററായി ചുരുങ്ങിയിരുന്നു. മൂന്നു പേർ ചുഴലിക്കാറ്റിൽ മരിച്ചുവെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഒഡീഷയിലാണ് മൂന്നു പേർ മരിച്ചത്. മുൻകരുതലിന്റെ ഭാഗമായി 11 ലക്ഷത്തോളം പേരെ ഒഡീഷ സർക്കാർ കഴിഞ്ഞദിവസം ഒഴിപ്പിച്ചിരുന്നു. ഗർഭിണികളായ അറുന്നൂറോളം പേരെ അടക്കമാണിത്. സംസ്ഥാനത്തിന് അടിയന്തിര ധനസഹായമായി ആയിരം കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു. ഇന്നലെ അർധരാത്രിമുതൽ ഭുവനേശ്വർ വിമാനതാവളത്തിൽ മുഴുവൻ സർവീസുകളും നിർത്തിവെച്ചു. കൊൽക്കത്ത വിമാനതാവളം ഇന്നലെ ഉച്ചക്ക് മൂന്നു മുതൽ ഇന്ന് രാവിലെ എട്ടുമണിവരെയുള്ള സർവീസുകളും നിർത്തിവെച്ചു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്റെ തെരഞ്ഞെടുപ്പ് റാലികൾ നിർത്തിവെച്ചു. ജാർഖണ്ഡിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് റാലി ഈ മാസം അഞ്ചിൽനിന്ന് ആറിലേക്ക് മാറ്റി. ആന്ധ്രപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 1999-ൽ പതിനായിരത്തോളം പേർക്ക് ജീവൻ നഷ്ടമായ ചുഴലിക്കാറ്റിനെ ഓർമ്മിപ്പിക്കുന്നതാണ് ഫാനി എന്നാണ് കാലാവസ്ഥ നിരീക്ഷകർ നൽകുന്ന സന്ദേശം.