ലഖ്‌നൗ- തെരഞ്ഞെടുപ്പ് പ്രചാരണ വേദികള്‍ ഭജന നടത്താനുള്ളതല്ലെന്നും എതിര്‍പക്ഷത്തെ കടന്നാക്രമിക്കാനുള്ളതാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചതിനെക്കുറച്ചാണ് യോഗിയുടെ പ്രതികരണം.
ജനങ്ങള്‍ക്ക് മുന്നില്‍ എതിര്‍പാര്‍ട്ടികളുടെ പോരായ്മകള്‍ തുറന്നുകാട്ടുകയാണ് ചെയ്യേണ്ടത്. ഞങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും- ആദിത്യനാഥ് ചോദിച്ചു.
ഏപ്രില്‍ 19 ന് തെരഞ്ഞെടുപ്പ് റാലിക്കിടെ എസ്.പി. സ്ഥാനാര്‍ഥിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗിക്ക് നോട്ടീസയച്ചത്. പെരുമാറ്റ ചട്ടലംഘനം നടത്തിയതിനെ തുടര്‍ന്ന് 72 മണിക്കൂര്‍ നീണ്ട വിലക്കേര്‍പ്പെടുത്തിയതിന് ശേഷമായിരുന്നു വിവാദ പ്രസ്താവന.