മുംബൈ-ന്യൂദല്‍ഹി, മുംബൈ റൂട്ടുകളില്‍ 12 പുതിയ വിമാന സര്‍വീസുകള്‍ ഉള്‍പ്പെടുത്തി സ്‌പൈസ് ജെറ്റ്. ഈ മാസം 11 ന് ആരംഭിക്കുന്ന 12 സര്‍വീസുകളില്‍ ആറെണ്ണം മുംബൈയില്‍നിന്നും ആറണ്ണം ദല്‍ഹിയില്‍നിന്നുമാണ്. ഈ റൂട്ടുകളില്‍ ബോയിങ് 737 എന്‍.ജി വിമാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത് സ്‌പൈസ് ജെറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു. മുംബൈയില്‍നിന്നുള്ള സര്‍വീസുകള്‍ ടെര്‍മിനല്‍ രണ്ടില്‍ നിന്നായിരിക്കും.
മുംബൈ-ബംഗളൂരു റൂട്ടിലെ അഞ്ച് പ്രതിദിന സര്‍വീസുകള്‍ക്ക് പുറമെ, ദല്‍ഹി-വിശാഖപട്ടണം, ദല്‍ഹി-കൊച്ചി സെക്ടറുകളിലും സ്‌പൈസ് ജെറ്റ് പുതിയ സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജെറ്റ് എയര്‍വേയ്‌സില്‍ ജോലി നഷ്ടപ്പെട്ട പൈലറ്റുമാരും എന്‍ജിനീയര്‍മാരും സ്‌പൈസ് ജെറ്റില്‍ ചേര്‍ന്നിട്ടുണ്ട്. 30 മുതല്‍ 50 ശതമാനം വരെ ശമ്പളം കുറച്ചാണ് ഇവരെ റിക്രൂട്ട് ചെയ്തിരിക്കുന്നത്. ഏപ്രിലിനുശേഷം 77 പുതിയ സര്‍വീസുകളാണ് സ്‌പൈസ് ജെറ്റ് ആരംഭിച്ചത്. ഇതിനു പുറമെ ഏതാനും അന്താരാഷ്ട്ര സര്‍വീസുകളും സ്‌പൈസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹോങ്കോംഗ്, ജിദ്ദ, ദുബായ്, കൊളംബോ, ധാക്ക, റിയാദ്, കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കാണ് മുംബൈയില്‍നിന്നുള്ള പുതിയ സര്‍വീസുകള്‍.