Sorry, you need to enable JavaScript to visit this website.

നാട് കാക്കാന്‍ ആയുധമേന്തി ആദിവാസി ഗ്രാമങ്ങള്‍

ഖുന്തി (ജാര്‍ഖണ്ഡ്)- പുല്ല് മേഞ്ഞ മണ്‍വീടുകളുടെ ഒരു കൂട്ടം. ഒറ്റനോട്ടത്തില്‍ അപകടമൊന്നും തിരിച്ചറിയാവാനാകാത്ത ഗ്രാമങ്ങള്‍. പാടങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ജാര്‍ഖണ്ഡിലെ ആദിവാസി മേഖലയിലെ ഈ ഗ്രാമങ്ങളില്‍ പക്ഷെ പുറത്തു നിന്നുള്ള സന്ദര്‍ശകരെ കാത്തിരിക്കുന്നത് മരണമാണ്.
ഖുന്തി, സിംദെഗ ജില്ലകളിലെ ആദിവാസി ഗ്രാമങ്ങളിലേക്കു പ്രവേശിക്കുന്നിടത്തെല്ലാം  നിരവധി മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കല്ലുകള്‍ക്കൊണ്ടും മറ്റും ഉണ്ടാക്കിയ ഇവ സന്ദര്‍ശകര്‍ക്കുള്ള മുന്നറിയിപ്പാണ്. ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാനോ ഇവിടങ്ങളില്‍ അലഞ്ഞു തിരിയാനോ, വീടു വെച്ചു താമസിക്കാനോ പുറത്തു നിന്നുള്ളവര്‍ക്ക് അനുമതി ഇല്ല എന്നാണ് മുന്നറിയിപ്പ്.
നൂറുകണക്കിന് ഇത്തരത്തിലുള്ള സൂചനാ ഫലകങ്ങളാണ് ഈ പ്രദേശങ്ങളെ വേറിട്ടു നിര്‍ത്തന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന സംശയത്തിന്റെ പേരില്‍ കഴിഞ്ഞ മാസം ആദിവാസികള്‍ അടിച്ചു കൊന്ന ഒമ്പതു പേരുടെ വിധിയേയും ഈ മുന്നറിയിപ്പുകള്‍ ഓര്‍മിപ്പിക്കുന്നു. ഈ ഗ്രാമങ്ങളില്‍ നിന്നുള്ള ആദിവാസി യുവാക്കള്‍ അനൗദ്യോഗിക അതിര്‍ത്തികളില്‍ സദാ ജാഗരൂകരായി നില്‍പ്പുണ്ടാകും. പുറത്തു നിന്നുള്ള ആരെ കണ്ടാലും ഉടന്‍ ഇവരെത്തി തടയും, ചോദ്യം ചെയ്യും. സംഭവമറിയാന്‍ ഖുന്തി ജില്ലയിലെ ഭാന്ദ്ര ഗ്രാമത്തില്‍ ചെന്ന ഹിന്ദുസ്ഥാന്‍ ടൈംസ് ലേഖകന്‍ വിജയ മൂര്‍ത്തിക്കും സമാന അനുഭവമാണുണ്ടായത്.
മൂര്‍ത്തിയേയും സംഘത്തേയും കണ്ടയുടന്‍ കുടിലുകളില്‍ നിന്ന് യുവാക്കള്‍ ഓടിയെത്തി തടഞ്ഞു. ഗ്രാമ സഭയുടെ അനുമതിയില്ലാതെ ഇവിടേക്കു കാലു കുത്താന്‍ എങ്ങനെ ധൈര്യം വന്നു എന്നായിരുന്നു ആദ്യ ചോദ്യം. പുറത്തു സ്ഥാപിച്ച മുന്നറിയിപ്പു ബോര്‍ഡുകളൊന്നും കണ്ടില്ലേ എന്ന് കൂട്ടത്തില്‍ രോഷാകുലനായ ഒരു യുവാവ് ചോദിച്ചു. ആദിവാസി സുഹൃത്ത് ഇടപെട്ടതു കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് മൂര്‍ത്തി പറയുന്നു.
ആദിവാസി മഹാസഭ എന്ന സംഘടനയാണ് ഗ്രാമങ്ങളിലേക്ക് പുറത്തുനിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതില്‍ മുന്നിലുള്ളത്. മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചതും ഇവരാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ്, പത്രപ്രവര്‍ത്തകര്‍ തുടങ്ങി തെരുവു കച്ചവടക്കാര്‍ക്കു പോലും ഈ ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ല. നിയമ വിരുദ്ധമായ ഈ പ്രവേശന വിലക്കിനു മുന്നില്‍ പ്രാദേശിക ഭരണകൂടം പോലും മൂകസാക്ഷിയായി നില്‍ക്കുകയാണ്.
ആദിവാസി മഹാസഭ സര്‍ക്കാര്‍ വിരുദ്ധരായ ആക്രമികളുടെ സംഘമാണെന്ന് സര്‍ക്കാര്‍ പറയുന്നു. ആദിവാസികളല്ലാത്തവരെ ആക്രമിക്കാന്‍ നിഷ്‌കളങ്കരായ ആദിവാസി ഗ്രാമീണരെ പ്രേരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ജനസംഖ്യയുടെ 26 ശതമാനം ആദിവാസികളുള്ള സംസ്ഥാനത്ത് ആദിവാസികളും മറ്റുള്ളവരും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. ഈ പ്രശ്‌നത്തെ നേരിടാന്‍ ഒരു കര്‍മപദ്ധതി തയ്യാറാക്കി വരികയാണെന്ന് ഖുന്തി ജില്ലാ പോലീസ് മേധാവി അശ്വിനി കുമാര്‍ പറഞ്ഞു.
തങ്ങളുടെ പരമ്പരാഗത ഭൂമിയും, വനാവകാശങ്ങളും, സ്വത്തും നഷ്ടപ്പെടുമെന്ന വര്‍ധിച്ചുവരുന്ന ആശങ്കകളാണ് ആദിവാസികളുടെ ഈ നീക്കത്തിനു പിന്നിലെന്ന് സാമൂഹിക നിരീക്ഷകര്‍ പറയുന്നു. തങ്ങള്‍ തെറ്റായ ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവിടുത്തെ ആദിവാസികള്‍ പറയുന്നത്. ആദിവാസി മേഖലകളില്‍ ഗ്രാമ സഭകള്‍ക്കാണ് ലോക്‌സഭയേക്കാളും രാജ്യസഭയേക്കാളും വലിയ അധികാരമുള്ളത.് ഈ ആദിവാസി ഗ്രാമങ്ങളിലൊന്നും പോലീസിന് യാതൊരു റോളുമില്ല- മഹാസഭയെ പിന്തുണയ്ക്കുന്ന വിജയ് ഹന്‍സ്ദ പറയുന്നു.
ഇവിടങ്ങളിലെ ആദിവാസികള്‍ തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളും തങ്ങളുടെ ഗ്രാമങ്ങളേയും സംരക്ഷിക്കുന്നതിനാണ് ഗ്രാമാതിര്‍ത്തി തിരിച്ച് ഇത്തരം മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ ഭരണഘടനാവിരുദ്ധമായി ഒന്നുമില്ലെന്ന് ആദിവാസി സന്നദ്ധ പ്രവര്‍ത്തകന്‍ മുകേഷ് ബിറുവ പറയുന്നു.
100 വര്‍ഷം പഴക്കമുള്ള ആദിവാസി സ്വത്തവകാശ നിയമം 2014ല്‍ അധികാരത്തില്‍ വന്ന ബി.ജെ.പി സര്‍ക്കാര്‍ ഭേദഗതി ചെയ്തതാണ് പ്രശ്‌നത്തിന്റെ  അടിസ്ഥാന കാരണം. പുതിയ നിയമ പ്രകാരം ആദിവാസികളുടെ കൃഷി ഭൂമി സര്‍ക്കാരിന് മറ്റു ആവശ്യങ്ങള്‍ക്കും വേണ്ടി ഏറ്റെടുക്കാന്‍ കഴിയും. തങ്ങളുടെ കൃഷിഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയാണ് ആദിവാസി മഹാസഭയെ ബി.ജെ.പി സര്‍ക്കാരിനെതിരെ തിരിച്ചുവിട്ടത്.

 

Latest News