Sorry, you need to enable JavaScript to visit this website.

ഇസ്ലാം സ്വീകരിച്ച കാര്യം മറച്ചുവെച്ച ബി.ജെ.പി സ്ഥാനാര്‍ഥി വിവാദത്തില്‍

സമധാന ദൗത്യവുമായി പാക്കിസ്ഥാനിലെത്തിയ ഹന്‍സ് രാജ് ലഹോറില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു (ഫയല്‍)

ന്യൂദല്‍ഹി-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് വെസ്റ്റ് ദല്‍ഹി മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി ഹന്‍സ് രാജ് ഹന്‍സ് ഇസ്ലാം സ്വീകരിച്ച കാര്യം നാമനിര്‍ദേശ പത്രികയില്‍ മറച്ചുവെച്ചുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി.
2014 ല്‍ ഹന്‍സ് രാജ് ഇസ്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യം മനഃപൂര്‍വം മറച്ചുവെച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ നിര്‍ദേശ പ്രകാരം പട്ടിക ജാതി സ്ഥാനാര്‍ഥികള്‍ക്ക് സംവരണം ചെയ്ത മണ്ഡലമാണ് നോര്‍ത്ത് വെസ്റ്റ് ദല്‍ഹി. ഹന്‍സ് രാജ് സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ലെന്നും ആം ആദ്മി പാര്‍ട്ടി ട്വിറ്ററില്‍ ആരോപിച്ചു.
അതേസമയം, താന്‍ വാല്‍മീകി സമുദായക്കാരനാണെന്ന് വ്യക്തമാക്കിയ ഹന്‍സ് രാജ് ആംആദ്മി പാര്‍ട്ടിയുടെ ആരോപണം തള്ളി.  താന്‍ വാല്‍മീകിയല്ലെന്ന് പറഞ്ഞ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കെജ്‌രിവാളും ആപ്പ് നേതാക്കളും വാല്‍മീകി സമുദയാത്തെ തന്നെ അവഹേളിച്ചിരിക്കയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികജാതിയില്‍ പെടുന്നയാളല്ലെന്ന് ചൂണ്ടിക്കാട്ടി അയോഗ്യത കല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ആംആദ്മി പാര്‍ട്ടി.
ഹന്‍സ് രാജ് 2014 ഫെബ്രുവരി 20 നാണ് മതം മാറിയതെന്നും ഇക്കാര്യം എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണെന്നും ആപ്പ് നേതാവ് രാജേന്ദ്രപാല്‍ ഗൗതം പറഞ്ഞു. മുഹമ്മദ് യൂസുഫ് എന്ന പേരാണ് ഹന്‍സ് രാജ് സ്വീകരിച്ചത്. പേരു മാറ്റിയെങ്കിലും ചലച്ചിത്ര രംഗത്ത് താന്‍ ഹന്‍സ് രാജ് ഹന്‍സ് എന്നുതന്നെ അറിയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും ഗൗതം വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.
നിലവിലെ എം.പി ഉദിത് രാജിനെ     ഒഴിവാക്കിയാണ് ഈയിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന സൂഫി ഗായകന്‍ കൂടിയായ ഹന്‍സ് രാജിനെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത്.

 

 

Latest News