കൊണ്ടോട്ടി- വിമാനക്കമ്പനി ജീവനക്കാരന്റെ നിരുത്തവരാവാദിത്ത ഇടപെടലിനെ തുടർന്ന് വിദേശ യാത്രയും വിസയും റദ്ദായ പ്രവാസി നിയമ നടപടിക്ക് ഒരുങ്ങുന്നു. മലപ്പുറം നീരോൽപ്പലം തൊണ്ടിക്കോടൻ അബ്ദുൽ സലാമാണ് (50) നഷ്ടപരിഹാരം തേടി നിയമ നടപടിക്കൊരുങ്ങുന്നത്. സൗദി അറേബ്യയിലെ ബിശയിൽ 24 വർഷമായി ഡ്രൈവറായി ജോലി ചെയ്യുന്ന സലാം കഴിഞ്ഞ 14ന് പുലർച്ചെ രണ്ടിന് ഗൾഫ് എയർ വിമാനത്തിൽ ജിദ്ദയിലേക്ക് പോകാനെത്തിയപ്പോഴാണ് വിമാന കമ്പനി ഉദ്യോഗസ്ഥൻ യാത്ര തടഞ്ഞത്.
പാസ്പോർട്ടിലെ പേരിനെ ചൊല്ലിയായിരുന്നു ഉദ്യോഗസ്ഥൻ പ്രശ്നമുണ്ടാക്കിയതെന്ന് സലാം പറഞ്ഞു. മേൽവിലാസം തെറ്റായതിനാൽ യാത്രയുടെ മൂന്ന് മാസം മുമ്പാണ് സലാം പുതിയ പാസ്പോർട്ടിന് അപേക്ഷിച്ച് പഴയ പാസ്പോർട്ട് സറണ്ടർ ചെയ്തത്. തുടർന്ന് 5000 രൂപ പിഴ നൽകിയാണ് പുതിയ പാസ്പോർട്ട് എടുത്തത്. എന്നാൽ ഇൗ പാസ്പോർട്ടുമായി യാത്ര ചെയ്യാനാവില്ലെന്ന് ശഠിച്ച കൗണ്ടർ ജീവനക്കാരൻ യാത്ര തടയുകയായിരുന്നു. ഇതിന് കാരണം തേടിയപ്പോൾ ഉദ്യോഗസ്ഥൻ പാസ്പോർട്ട് എടുത്ത് കൊണ്ടുപോയി. തുടർന്ന് രാവിലെ ആറ് മണിയോടെ എയർപോർട്ട് ടെർമിനൽ മാനേജർക്ക് പരാതി നൽകിയതോടെയാണ് വിമാന കമ്പനി ജീവനക്കാരൻ പാസ്പോർട്ട് കൈമാറിയത്. യാത്ര മുടങ്ങിയതോടെ വിസയും റദ്ദായി.
24 വർഷത്തെ സേവനത്തിനുളള ആനുകൂല്യം പോലും നഷ്ടപ്പെടുന്ന അവസ്ഥയിലായ സലാം നഷ്ടപരിഹാരം തേടി കരിപ്പൂർ പോലീസിൽ ഉദ്യോഗസ്ഥനെതിരെ പരാതി നൽകി. ഉദ്യോഗസ്ഥന് വക്കീൽ നോട്ടീസയച്ചതായും സലാം പറഞ്ഞു.