ലഖ്‌നൗ- രാഷ്ട്രീയത്തില്‍ സജീവമായതിനുശേഷം രാജ്യത്തെമ്പാടുമുള്ള ജനങ്ങളെ നിഷ്പ്രയാസം കൈയിലെടുത്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പാമ്പുകളെ കൈയിലെടുത്തും താരമായി. റായ്ബറേലിയല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക പാമ്പാട്ടികളോട് കുശലം പറയുന്നതിനിടെയാണ് അവരുടെ പക്കലുള്ള പാമ്പുകളെ കൈയിലെടുത്തത്. ശ്വാസമടക്കിപ്പിടിച്ച അനുയായികളെ പാമ്പുകള്‍ ഉപദ്രവാകരികളല്ലെന്ന് ഉണര്‍ത്തുകയും ചെയ്തു.
സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത വിഡിയോക്ക് താഴെ പ്രിയങ്കയുടെ ധീരതയെ പ്രകീര്‍ത്തിക്കുകയാണ് അനുയായികള്‍. പ്രിയങ്കയും പാമ്പുകളും വൈറലായെങ്കിലും എതിരാളികള്‍ പണി നല്‍കുമോ എന്ന ഭയമുണ്ട് കോണ്‍ഗ്രസുകാര്‍ക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൃഗങ്ങളെ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിരുന്നു.