ന്യൂദല്‍ഹി-റംസാന്‍ വ്രതം കണക്കിലെടുത്ത് വോട്ടെടുപ്പ് സമയം ആരംഭിക്കുന്നത് പുലര്‍ച്ചെ അഞ്ച് മുതല്‍ ആക്കണമെന്ന ഹര്‍ജിയില്‍ നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോടു സുപ്രീം കോടതി. മെയ് ആറ്, 12, 19 തീയതികളില്‍ നടക്കുന്ന വോട്ടെടുപ്പ് സമയം മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദേശം നല്‍കണമെന്നാണ് അഭിഭാഷകര്‍ പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ജലപാനം പോലുമില്ലാതെ വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് കടുത്ത വേനലില്‍ നീണ്ട ക്യൂവില്‍ മണിക്കൂറുകള്‍ നില്‍ക്കുന്നത് അസാധ്യമാണ്. ദീര്‍ഘനേരം കൊടുംചൂടില്‍ ക്യൂവില്‍ നിന്നാല്‍ നിര്‍ജലീകരണം അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും. ഇത്തരക്കാര്‍ക്ക് പുലര്‍ച്ചെ നാലരയ്‌ക്കോ അഞ്ചിനു ശേഷമോ വോട്ടെടുപ്പിനായി എത്തിച്ചേരാനാകും. ഇതു കണക്കിലെടുത്ത് രാവിലെ ഏഴ് മുതല്‍ ആരംഭിക്കുന്ന വോട്ടെടുപ്പ് ഒന്നോ ഒന്നര മണിക്കൂര്‍ മുന്‍പോ തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.അതേസമയം ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തയാറായില്ല. ഉചിതമായ തീരുമാനമെടുക്കാന്‍ കമ്മീഷനു നിര്‍ദേശം നല്‍കിയ കോടതി, ഹര്‍ജി തീര്‍പ്പാക്കി.