ന്യൂദല്‍ഹി- ബ്രിട്ടീഷ് പൗരത്വമുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിച്ചേക്കും. ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തകരായ ജയ് ഭഗവാന്‍ ഗോയല്‍, ചന്ദര്‍പ്രകാശ് ത്യാഗി എന്നിവര്‍ ഹരജി തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയെ വിലക്കുന്നതിനു കോടതി തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.
ഇംഗ്ലണ്ടിലെ ബാക്കോപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രമോട്ടര്‍മാരുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധിയുടെ പേരുണ്ടെന്നും ഇത് ബ്രിട്ടനിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖകളില്‍ വ്യക്തമാണെന്നുമാണ് ഹരജിക്കാരുടെ വാദം. ഇത്തരത്തില്‍ ബ്രിട്ടീഷ് പൗരത്വമുള്ള രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിനു മുമ്പ് ഹരജി പരിഗണിക്കണമെന്നു ഹരജിക്കാര്‍ ചീഫ് ജസ്റ്റിസ് മുമ്പാകെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അടുത്തയാഴ്ച പരിഗണിക്കാമെന്നു കോടതി അറിയിക്കുകയായിരുന്നു.
രാഹുലിനു ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുലിനു നോട്ടീസയച്ചിരുന്നു. വിഷയത്തില്‍ സത്യാവസ്ഥ ബോധ്യപ്പെടുത്തി വിശദീകരണം നല്‍കണമെന്നാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചത്. എന്നാല്‍, ബാക്കോപ് കമ്പനി രേഖകളുടെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരേ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി 2015ല്‍ സുപ്രീം കോടതി തള്ളിയിരുന്നു.