ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ ജീവിതം ഇതിവൃത്തമാക്കിയ പി.എം മോഡിക്ക് ഏര്‍പ്പെടുത്തിയ വിലക്കിന് പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രിയുടെ ജീവിതവുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ബാഗിനി: ബംഗാള്‍ ടൈഗ്രസ് എന്ന സിനിമയ്ക്കും തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്ക്. മമതയുടെ ജീവിതത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് സംവിധായകന്‍ നേഹാല്‍ ദത്തയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പു പൂര്‍ത്തിയാകുന്നത് വരെ ബാഗിനി: ബംഗാള്‍ ടൈഗ്രസ് റിലീസ് ചെയ്യരുതെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍മാതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിനിമ ഇന്നു റിലീസ് ചെയ്യാനായിരുന്നു പരിപാടി. എന്നാല്‍, ചിത്രത്തിന്റെ റിലീസിനെതിരേ പ്രതിപക്ഷ കക്ഷികള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുകയായിരുന്നു. മേയ് ആറ്, 12 തീയതികളിലാണ് ബംഗാളില്‍ തെരഞ്ഞെടുപ്പു നടക്കുന്നത്.
ചിത്രം മമത ബാനര്‍ജിയുടെ ജീവചരിത്രമല്ലെന്നും അവരുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു നിര്‍മിച്ചതാണെന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പിങ്കി മണ്ഡല്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. റുമ ചക്രബര്‍ത്തി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.