ഭുവനേശ്വര്‍- ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഒഡീഷ തീരത്ത് അതിവേഗതയില്‍ ആഞ്ഞു വീശുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാന അതീവ ജാഗ്രതിയില്‍. രക്ഷാ മാര്‍ഗങ്ങളൊരുക്കുന്ന തിരക്കിലാണ് അധികൃതര്‍. ആളപായം പരമാവധി കുറക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിലെ തീരദേശ മേഖലയില്‍ നിന്ന് ഇതുവരെ പത്തു ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രസവമടുത്ത പൂര്‍ണ ഗര്‍ഭിണികളായ എല്ലാ സ്ത്രീകളേയും സുരക്ഷിത ആശുപത്രികളിലേക്കു മാറ്റി. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതിയിലായിരിക്കും ഫോനി തീരത്തണയുക എന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നും രണ്ടു മണിക്കും ഇടയിലായി ഫോനി ഒഡീഷ തിരംതൊടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കപ്പലുകളും ഹെലികോപ്റ്ററുകളും ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്. നാലു വീതം രക്ഷാ സംഘങ്ങളെ വിശാഖപട്ടണം, ചെന്നൈ തീരങ്ങളില്‍ തയാറാക്കി നിര്‍ത്തിയിരിക്കുന്നതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
ദേശീയ ദുരന്തനിവാരണ സേനയെ നാലു സംസ്ഥാനങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ അവലോകന യോഗം ചേര്‍ന്നു.
വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ഒഡീഷയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവയ്ക്കും. ഭുവനേശ്വറില്‍ നിന്നുള്ള വെള്ളിയാഴ്ചത്തെ എല്ലാ സര്‍വീസുകളും റദ്ദാക്കി. കൊല്‍ക്കത്ത വിമാനത്താവളവും വെള്ളിയാഴ്ച അടക്കും. വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ ശനിയാഴ്ച വൈകീട്ട് ആറു വരെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ഉണ്ടായിരിക്കുന്നതല്ലെന്നും അധികൃതര്‍ അറിയിച്ചു. രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിമാന കമ്പനികളും സഹായിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ആവശ്യപ്പെട്ടു.
102 ട്രെയ്ന്‍ സര്‍വീസുകളും റ്ദ്ദാക്കി. നാലെണ്ണം വഴിതിരിച്ചു വിടുകയും ചെയ്തു. ചുഴലിക്കാറ്റടിക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ റോഡ് ഗതാഗതത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
കിഴക്കന്‍ തീരത്ത് ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനൊപ്പം രണ്ടു ദിവസം കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഒഡീഷയ്ക്കു പുറമെ ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും മഴയും കാറ്റുമുണ്ടാകും. ഒഡീഷയിലെ ഗഞ്ചം, ഗജപതി, ഖുര്‍ദ, പുരി, ജഗത്‌സിങ്പൂര്‍, കേന്ദ്രപാഡ, ഭദ്രക്, ജജ്പൂര്‍, ബലസോര്‍ എന്നീ തീരദേശ ജില്ലകളെയാണ് ഫോനി രൂക്ഷമായി ബാധിക്കാനിടയുള്ളത്. ഇവിടെ വ്യാപക കൃഷി നാശവും മറ്റു നാശനഷ്ടങ്ങളും ഉണ്ടായേക്കാം.
#CycloneFani#NDRF conducted door to door #awareness and #evacuation at Penthakata (a small village which is situated on the bank of the sea) of Puri, Orissa@satyaprad1 @PIBHomeAffairs @ndmaindia pic.twitter.com/u3BBNXxfQS
— NDRF (@NDRFHQ) May 2, 2019