ന്യൂദല്‍ഹി- ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരായ കേസ് പെപ്‌സികോ പിന്‍വലിച്ചു. സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കേസ് പിന്‍വലിക്കുകയാണെന്ന് പെപ്‌സികോ വക്താവ് അറിയിച്ചു. പെപ്‌സികോ കമ്പനിക്ക് ഉടമാസ്ഥാവകാശമുള്ള പ്രത്യേക ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തുവെന്നാരോപിച്ചാണ് കേസ് നല്‍കിയത്.
പേറ്റന്റ് ലംഘിച്ച് 'ലെയ്‌സ്' നിര്‍മിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനാണ് നാല് കര്‍ഷകര്‍ക്കെതിരെ പെപ്‌സികോ നിയമനടപടി സ്വീകരിച്ചത്. സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ 4 കര്‍ഷകര്‍ക്കെതിരെയാണ് പ്രത്യേക ഇനത്തില്‍ പെട്ട എഘ 2027 എന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന്റെ പേരില്‍ പെപ്‌സികോ കേസ് കൊടുത്തത്. 1.05 കോടി രൂപ ഓരോ കര്‍ഷകരും നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. ലേസ് എന്ന പൊട്ടറ്റോ ചിപ്‌സ് നിര്‍മ്മിക്കുന്നതിന് തങ്ങള്‍ക്ക് മാത്രം ഉത്പാദന അവകാശമുള്ള ഉരുളക്കിഴങ്ങ് കൃഷി ചെയ്‌തെന്നതായിരുന്നു കമ്പനിയുടെ ആരോപണം.
നടപടി വിവാദമായതോടെ ഉപാധികളോടെ കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് പെപ്‌സികോ അറിയിച്ചിരുന്നു. കര്‍ഷകര്‍ ഈ ഉരുളക്കിഴങ്ങ് കൃഷിചെയ്യില്ലെന്ന് ഉറപ്പു നല്‍കണമെന്നതായിരുന്നു ഉപാധി. എന്നാല്‍ കര്‍ഷകര്‍ ഇതിനും വഴങ്ങിയില്ല.
കര്‍ഷകര്‍ക്കെതിരെ കേസ് കൊടുത്തതിനെ തുടര്‍ന്ന് പെപ്‌സികോ കമ്പനിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ലെയ്‌സും പെപ്‌സികോയുടെ മറ്റ് ഉല്‍പന്നങ്ങളും ബഹിഷ്‌കരിക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ കാമ്പയിന്‍ നടന്നു. തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ പെപ്‌സികോ തയാറായത്.