ലണ്ടന്‍ തീപ്പിടിത്തം: മരണം 30 ആയി ഉയര്‍ന്നു

ലണ്ടനിലെ 24-നില പാർപ്പിട സമുച്ചയത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ മരിച്ചവരുടെ എണ്ണം 30 ആയി ഉയര്‍ന്നു. പലരേയും കാണാതായതായി റിപ്പോർട്ടുള്ളതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പൊലീസ് പറയുന്നു. തീപ്പിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വഷണം ഊര്‍ജജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ക്രിമിനില്‍ കുറ്റകൃത്യങ്ങള്‍ സംഭവത്തിനു പിന്നില്‍ നടന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് കമാന്‍ഡര്‍ സ്റ്റുവര്‍ട്ട് കന്‍ഡി പറഞ്ഞു. ദുരന്തം അന്വേഷിക്കാന്‍ പ്രധാനമന്ത്രി തരേസ മേയ് ജൂഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

ചുരുങ്ങിയത് 30 പേരെങ്കിലും അഗ്നിബാധയില്‍ മരിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. കൂടുതല്‍ മൃതദേഹങ്ങള്‍ ഇപ്പോഴും കത്തിക്കരിഞ്ഞ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്ന് ഉറപ്പാണ്. കെട്ടിടത്തിലുള്ള ആരെങ്കിലും രക്ഷപ്പെട്ടതായി പ്രതീക്ഷിക്കാന്‍ വകയില്ല. 24 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 12 പേര്‍ ഗുരുതരാവസ്ഥയിലാണ്, 75-ഓളം പേരെ കാണാതായിട്ടുമുണ്ട്-അദ്ദേഹം പറഞ്ഞു.

മരിച്ചവരെ എല്ലാവരേയും തിരിച്ചറിയാന്‍ കഴിയാനിടയില്ല എന്ന ആശങ്കയിലാണ് പൊലീസ്. ഇക്കാര്യം സ്‌കോട്‌ലാന്‍ഡ് യാര്‍ഡും നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ കെട്ടിടത്തിലെ അഗ്നി സുരക്ഷാ സംവിധാനം കാര്യക്ഷമമായിരുന്നില്ലെന്ന് റെസിഡെന്റ് അസോഷിയേഷന്‍ ആരോപിച്ചു. ഇക്കാര്യം അധികൃതരെ പലതവണ അറിയിച്ചിരുന്നുവെങ്കിലും അവര്‍ അവഗണിക്കുകയായിരുന്നെന്നും ഗ്രെന്‍ഫെല്‍ ആക് ഷന്‍ ഗ്രൂപ്പ് ആരോപിച്ചു. 

Latest News