ബാങ്കോക്ക്- തായ്‌ലാന്‍ഡില്‍ പുതിയ രാജാവായി ഔദ്യോഗിക കിരീടധാരണത്തിനൊരുങ്ങുന്ന പുതിയ രാജാവ് മഹാ വജിറലോംഗ്‌കോണ്‍ രാജ്യത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. രാജാവിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന അംഗരക്ഷകയെ വിവാഹം ചെയ്തതായി ഔദ്യോഗിക പ്രഖ്യാപനം വന്നു. രാജവിന്റെ വ്യക്തിസുരക്ഷാ സേനയുടെ ഉപമേധാവിയേയാണ് രാജാവ് ജീവിത സഖിയാക്കിയത്. ഇവര്‍ ഇനി സുദിത രാജ്ഞി എന്നറിയപ്പെടുമെന്ന് രാജവിളംബരത്തിലൂടെ കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു. വിവാഹ ചടങ്ങളുടെ ദൃശ്യങ്ങളും തായ് ചാനലുകളിലൂടെ പുറത്തു വിട്ടിട്ടുണ്ട്.
2016 ഒക്ടോബറില്‍ അന്തരിച്ച തായ് രാജാവ് ഭുമിബോല്‍ അതുല്യതേജിന്റെ പിന്‍ഗാമി ആയാണ് മകന്‍ 66-കാരനായ വജിറാലോംഗ്‌കോണ്‍ കിരീടമണിയുന്നത്. ഭൂമിബോല്‍ രാജാവിന്റെ മരണത്തെ തുടര്‍ന്നുള്ള നീണ്ട കാലത്തെ ദുഃഖാചരണം അവസാനിച്ചതിനു ശേഷമാണ് പുതിയ രാജാവിന്റെ ഔദ്യോഗിക കിരീടധാരണ ചടങ്ങ്. കിങ് രാമാ പത്താമന്‍ എന്ന പേരിലായിരിക്കും പുതിയ രാജാവ് അറിയപ്പെടുക. ബുദ്ധ, ബ്രാഹ്മണ ആചാരങ്ങളോടെ ശനിയാഴ്ചയാണ് ഔദ്യോഗികമായി വജിറാലോംഗ്‌കോണ്‍ തായ് രാജാവായി സ്ഥാനമേല്‍ക്കുക. തൊട്ടടുത്ത ദിവസം ബാങ്കോക്ക് നഗരത്തിലൂടെ എഴുന്നള്ളിക്കപ്പെടും.
തായ് എയര്‍വേയ്‌സില്‍ എയര്‍ ഹോ്സ്റ്റസായിരുന്ന സുദിത തിദ്ജായിയെ 2014-ലാണ് വാജിറാലോംകോണ്‍ തന്റെ വ്യക്തി സുരക്ഷ യൂണിറ്റില്‍ ഡെപ്യുട്ടി കമാന്‍ഡറായി നിയമിച്ചത്. രാജാവ് സുദിതയുമായി പ്രണയത്തിലായിരുന്നുവെന്ന് സംസാരമുണ്ടായിരുന്നെങ്കിലും കൊട്ടാരം വൃത്തങ്ങള്‍ ഇതു നിഷേധിച്ചിച്ചുണ്ട്.
മുന്‍ രാജാവിന്റെ മരണ ശേഷം 2016 ഡിസംബറില്‍ സുദിതയ്ക്ക് റോയല്‍ തായ് ആര്‍മിയില്‍ ജനറല്‍ പദവി നല്‍കി. 2017-ല്‍ രാജാവിന്റെ വ്യക്തിസുരക്ഷാ സേനയില്‍ ഡെപ്യൂട്ടി കമാന്‍ഡറായും നിയമിച്ചു. സുദിതയ്ക്ക് രാജാവ് പ്രത്യേക രാജകീയ പദവി നല്‍കുകയും ചെയ്തിരുന്നു. വാജിറാലോംഗ്‌കോണിന്റെ നാലാം വിവാഹമാണിത്. നേരത്തെ മൂന്ന് വിവാഹ മോചനങ്ങള്‍ നടത്തിയ രാജാവിന് ഏഴു മക്കളുണ്ട്.